ലോകമെങ്ങും ആശങ്ക പരത്തി കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ ആദ്യം കണ്ടെത്തിയ B.1.1.529 എന്ന ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനശേഷിയും രോഗസങ്കീര്‍ണതയും മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നാണ് ഇതു വരെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
താത്പര്യമുണര്‍ത്തുന്ന വകഭേദം(വേരിയന്റ് ഓഫ് ഇന്ററസ്റ്റ്) എന്നതില്‍ നിന്ന് ആശങ്ക പരത്തുന്ന വകഭേദം(വേരിയന്റ് ഓഫ് കണ്‍സേണ്‍) എന്ന നിലയിലേക്ക് ഒമിക്രോണിനെ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു കഴിഞ്ഞു. സംഘടനയുടെ ഈ പ്രഖ്യാപനംതന്നെ വകഭേദം എത്ര മാത്രം അപകടകരമാകാം എന്നതിന്റെ സൂചനയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
കൂടുതല്‍ വ്യാപന ശേഷി, കടുത്ത രോഗലക്ഷണങ്ങള്‍, കൂടുതല്‍ ആശുപത്രിവാസം, മരണങ്ങള്, മുന്‍ അണുബാധയില്‍ നിന്നോ വാക്സീനില്‍ നിന്നോ ലഭിച്ച ആന്റിബോഡികളാല്‍ നിര്‍ജ്ജീവമാക്കപ്പെടുന്ന നിരക്കില്‍ ഗണ്യമായ കുറവ്, ചികിത്സകളുടെയും വാക്സീനുകളുടെയും കുറഞ്ഞ ഫലപ്രാപ്തി, രോഗനിര്‍ണയത്തിലെ ബുദ്ധിമുട്ടുകള്‍ എന്നിങ്ങനെ പലതുമാണ് ആശങ്കപ്പെടുത്തുന്ന വകഭേദവുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കാവുന്നതെന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് പറയുന്നു.
എന്നാല്‍ ഒമിക്രോണിനെ ഇത്രയധികം ഭയക്കേണ്ട ആവശ്യമില്ലെന്നും ഇവ ലഘുവായ രോഗലക്ഷണങ്ങളാണ് ഉണ്ടാക്കുന്നതെന്നും വകഭേദം ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദക്ഷിണാഫ്രിക്കയിലെ മെഡിക്കല്‍ അസോസിയേഷന് പറയുന്നു. അതേ സമയം ദക്ഷിണാഫ്രിക്കയിലെ കോവിഡ് രോഗികളില്‍ പെട്ടെന്നുണ്ടായ വര്‍ധന തീര്‍ച്ചയായും പുതിയ വകഭേദത്തിന്റെ വ്യാപനശേഷി അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു.
പുറമേയുള്ള മുന പോലുള്ള പ്രോട്ടീനുകളില്‍ മുപ്പതോളം ജനിതക വ്യതിയാനങ്ങളുണ്ടായി എന്നത് പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് രക്ഷപ്പെടാന്‍ ഒമിക്രോണിനെ സഹായിച്ചേക്കാമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ ചൂണ്ടിക്കാട്ടി. മനുഷ്യ കോശങ്ങളിലേക്ക് പ്രവേശിക്കാന്‍ വൈറസിനെ സഹായിക്കുന്നത് ഈ സ്പൈക് പ്രോട്ടീനുകളാണ്. ഇവയില്‍ ഉണ്ടായേക്കുന്ന വ്യത്യാസങ്ങളാകാം വൈറസിന്റെ വ്യാപന ശേഷി കൂട്ടിയത്. സ്പൈക് പ്രോട്ടീനുണ്ടാകുന്ന വ്യതിയാനം ഇവയെ കണ്ടെത്താനും നശിപ്പിക്കാനും ബുദ്ധിമുട്ടുണ്ടാക്കും.
ഇന്ന് ഉപയോഗത്തിലുള്ള കോവിഡ് വാക്സീനുകളില്‍ പലതും സ്പൈക് പ്രോട്ടീനുകളെ ലക്ഷ്യം വയ്ക്കുന്ന ആന്റിബോഡികള്‍ ശരീരത്തില്‍ ഉണ്ടാക്കുന്നവയാണ്. അതേ സ്പൈക് പ്രോട്ടീനില്‍ ഉണ്ടായേക്കുന്ന മുപ്പതോളം വ്യതിയാനങ്ങള്‍ വാക്സീനുകളുടെ കാര്യക്ഷമതയും കുറയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക