ബോബൻ കുഞ്ചാക്കോയുടെ ജൻമദിനത്തിൽ മനസ് തൊടുന്ന കുറിപ്പും ചിത്രവുമായി കുഞ്ചാക്കോ ബോബൻ. സിനിമയിൽ നിന്ന് ഒഴിഞ്ഞുമാറി നടന്ന ഉദയയെ വെറുത്തിരുന്ന കുട്ടി ഇന്ന് സിനിമയില്ലാതെ ഒരു നിമിഷം പോലും ജീവിക്കാനാവാത്ത ആളായി മാറിക്കഴിഞ്ഞുവെന്ന് ചാക്കോച്ചൻ കുറിക്കുന്നു.
കുറിപ്പിങ്ങനെ..:
ഹാപ്പി ബർത്ത്ഡേ അപ്പാ, ഇത്തവണത്തെ ആശംസയ്ക്ക് കുറച്ച് പ്രത്യേകതയുണ്ട്.. ഒരു തരത്തിലും സിനിമയുടെ ഭാഗമാകാൻ താൽപര്യമില്ലാതെ നടന്നിരുന്ന കുട്ടിയിൽ നിന്ന് ഒരു നിമിഷം പോലും സിനിമയെ പിരിഞ്ഞിരിക്കാൻ വയ്യാത്ത കുട്ടിയിലേക്ക് മാറിയ മനുഷ്യനായി ഞാൻ.
ഒരു വർഷം സിനിമയിൽ തികയ്ക്കുമെന്ന് ചിന്തിക്കാതിരുന്ന കുട്ടിയിൽ നിന്ന് സിനിമയിലെ 25 വർഷം പൂർത്തിയാക്കിയ ആളിലേക്ക്..
ഉദയയെന്ന പേര് വെറുത്തിരുന്ന കുട്ടിയിൽ നിന്ന് അതേ ബാനറിൽ രണ്ടാമത്തെ സിനിമ പുറത്തിറക്കാൻ പോകുന്ന മനുഷ്യനിലേക്ക് ഒക്കെ ഞാൻ മാറി.. അപ്പാ, സിനിമയിൽ അഭിനയിക്കാനും അതിനോടുള്ള ഇഷ്ടവും ഞാൻ പോലുമറിയാതെ അപ്പയെന്നിൽ നിറച്ചു.
ഇന്ന് ഞാൻ പഠിച്ചതും നേടിയതുമെല്ലാം അപ്പ പാകിയ അടിസ്ഥാനത്തിൽ നിന്നാണ്. സ്നേഹത്തെയും സൗഹൃദത്തെയും ജീവിതത്തെയും കുറിച്ച് ഇന്നും ഞാൻ അപ്പയിൽ നിന്ന് പഠിച്ചുകൊണ്ടിരിക്കുന്നു. ഇരുണ്ട കാലങ്ങളിൽ അവിടെ നിന്ന് എനിക്ക് വെളിച്ചമേകൂ, മുന്നോട്ട് യാത്ര തുടരാൻ എല്ലാ അനുഗ്രഹങ്ങളും നൽകൂ.
എന്റെ ആദ്യ തമിഴ് സിനിമയുടെ ടീസർ റിലീസ് ഇന്നായതും അവിചാരിതമായാവാം. ഒരു മലയാളം സിനിമ പോലും ചെയ്യാൻ ഇഷ്ടമില്ലാതിരുന്ന കുട്ടിയിൽ നിന്ന് തമിഴ് സിനിമയിൽ ആദ്യ ചുവട് വയ്ക്കുന്ന മനുഷ്യനാണിന്ന് ഞാൻ. എന്നെ അനുഗ്രഹിക്കൂ അപ്പാ..
പ്രതികരിക്കാൻ ഇവിടെ എഴുതുക