ബെംഗളൂരു ∙ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് കോവിഡ്. നേരിയ ലക്ഷണങ്ങളോടെ താൻ കോവിഡ് പോസിറ്റീവായെന്ന വിവരം മുഖ്യമന്ത്രി തന്നെയാണ് ട്വീറ്റ് ചെയ്തത്. ഹോം ക്വാറന്റീനിലാണെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു.
‘നേരിയ ലക്ഷണങ്ങളോടെ ഞാനിന്ന് കോവിഡ് പോസിറ്റീവായി. എനിക്ക് ആരോഗ്യപ്രശ്നങ്ങളില്ല, ഹോം ക്വാറന്റീനിലാണ്. ഞാനുമായി സമ്പർക്കമുണ്ടായവർ ഐസലേഷനിൽ പോകണമെന്നും പരിശോധന നടത്തണമെന്നും അഭ്യർഥിക്കുന്നു’– ബസവരാജ് ബൊമ്മെ പറഞ്ഞു. ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യത്തിൽ സംസ്ഥാനത്തു കോവിഡ് കേസുകൾ കൂടുകയാണ്.
പുതുതായി 146 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കർണാടകയിൽ ഒമിക്രോൺ ബാധിതർ 476 ആയെന്ന് ആരോഗ്യമന്ത്രി കെ.സുധാകർ പറഞ്ഞു. കഴിഞ്ഞദിവസം 12,000 കോവിഡ് കേസുകളാണു സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തത്. ഇതിൽ 9,000 കേസും തലസ്ഥാന നഗരമായ ബെംഗളൂരുവിലാണ്. സംസ്ഥാനത്ത് 6.8 ശതമാനവും ബെംഗളൂരുവിൽ 10 ശതമാനവുമാണു പോസിറ്റിവിറ്റി നിരക്ക്. രാജ്യത്തുതന്നെ കേസുകളുടെ എണ്ണത്തിൽ കർണാടക മൂന്നാമതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക