അന്തരിച്ച ചലച്ചിത്രനടി കെപിഎസി ലളിതക്ക് ആദരാഞ്ജലി അർപ്പിച്ച് ചലച്ചിത്രലോകം. തട്ടീം മുട്ടീം എന്ന ടെലിവിഷൻ പരമ്പരയിൽ കെപിഎസി ലളിതക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മഞ്ജു പിള്ളക്ക് പ്രിയപ്പെട്ട ലളിതാമ്മയെ അനുസ്മരിച്ചപ്പോൾ വാക്കുകൾ ഇടറി.
‘അവസാനം കാണുമ്പോൾ മകളെ വഴക്കു പറയാനെങ്കിലും എഴുന്നേറ്റു വാ അമ്മേ’ എന്നു പറഞ്ഞതാണ് ഞാൻ. സ്വന്തം മക്കളെപ്പോലെ വഴക്കു പറയുമായിരുന്നു. ഞാൻ എവിടെപ്പോയാലും അമ്മയെക്കുറിച്ച് ചോദിക്കും.
അമ്മ എവിടെപ്പോയാലും എന്നെപ്പറ്റി ചോദിക്കും. ഞങ്ങൾ ആദ്യം കാണുമ്പോൾ ‘എന്റെ ശ്രീക്കുട്ടിയെ പോലെ തന്നെയുണ്ട്’ എന്നാണ് പറഞ്ഞത് . ഇനി ..’ പ്രിയപ്പെട്ടയാളെ അനുസ്മരിച്ചപ്പോൾ മഞ്ജുവിന് വാക്കുകൾ ഇടറി.
കെപിഎസി ലളിതയ്ക്കൊപ്പം മകളും മരുമകളുമെല്ലാമായി നിരവധി തവണ കാമറയ്ക്കു മുന്നിലെത്തിയിട്ടുണ്ട് മഞ്ജു പിള്ള. മരണ വിവരം അറിഞ്ഞ് പേട്ടയിലെ ഫ്ലാറ്റിലേയ്ക്ക് ആദ്യം എത്തിയവരിൽ മഞ്ജുവും ഉണ്ടായിരുന്നു.
‘അടുത്തുണ്ടായിരുന്നതിനാൽ വിവരം അറിഞ്ഞ ഉടൻ എത്താനായി. ഇത് നമുക്ക് ഒന്നും ചെയ്യാൻ പറ്റുന്ന കാര്യമല്ലല്ലോ? കൂടുതലൊന്നും പറയാൻ പറ്റുന്നില്ല’ എന്നും മഞ്ജു പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക