രാജ്യത്തെ മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് ഐക്യൂവിന്റെ പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയിലെത്തി. ഐക്യു ഇസഡ്6 ന്റെ ഇന്ത്യയിലെ വില 15,499 രൂപയാണ്.
പ്രീമിയം ഐക്യൂ 9 സീരീസ് ഫോണുകൾ ലോഞ്ച് ചെയ്ത് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് പുതിയ ഹാൻഡ്സെറ്റും പുറത്തിറക്കിയത്. ഐക്യു ഇസഡ്6 മിതമായ വിലയ്ക്ക് ലഭിക്കുന്ന 5ജി സ്മാർട് ഫോൺ കൂടിയാണ്.
ഐക്യൂ ഇസഡ്6 ന് വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്പ്ലേയുള്ള ബോക്സി ഡിസൈനും പിന്നിൽ ഒരു ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളും ഉണ്ട്. നീല, കറുപ്പ് നിറങ്ങളിൽ ഇത് ലഭ്യമാകും.
പുതിയ ഐക്യൂ ഇസഡ്6 മൂന്ന് കോൺഫിഗറേഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. 4GB റാം + 128GB സ്റ്റോറേജ് അടിസ്ഥാന മോഡലിന് 15,499 രൂപയാണ് വില. 6 ജിബി + 128 ജിബി വേരിയന്റിന് 16,999 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയുമാണ് വില.
എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് വഴി വാങ്ങിയാൽ 2,000 രൂപ കിഴിവ് ലഭിക്കും. ഐക്യു ഇസഡ്6 ആമസോൺ വഴി മാർച്ച് 22 ന് വിൽപനയ്ക്കെത്തും.
120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് റെസ്പോൺസ് റേറ്റ്, ഡിസിഐ-പി3 വൈഡ് കളർ ഗാമറ്റ്, 90.61 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോ എന്നിവയുള്ള 6.58 ഇഞ്ച് സ്ക്രീൻ ഈ ഹാൻഡ്സെറ്റിനുണ്ട്. പാനൽ പൂർണ്ണ എച്ച്ഡി+ റെസലൂഷനിൽ പ്രവർത്തിക്കുന്നു.
ഐക്യു ഇസഡ്6 ലും വലിയ 5,000 എംഎഎച്ച് ബാറ്ററിയാണ് അവതരിപ്പിക്കുന്നത്. ഇതിന് 18W ഫാസ്റ്റ് ചാർജിങ് പിന്തുണയുണ്ട്. ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ 100 ശതമാനം ചാർജ് ചെയ്യാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.
6എൻഎം ക്വാൽകോം സ്നാപ്ഡ്രാഗൺ 695 ചിപ്സെറ്റാണ് ഐക്യൂ ഇസഡ്6 നൽകുന്നത്. ഇതിൽ അഞ്ച്-ലയേർഡ് ലിക്വിഡ് കൂളിങ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. ഇത് സിപിയു താപനില ഏകദേശം 10 ഡിഗ്രിയും ബാക്ക് പാനലിന്റെ ഉപരിതല താപനില 3 ഡിഗ്രിയും കുറയ്ക്കുമെന്ന് ഐക്യൂ പറയുന്നു.
50 മെഗാപിക്സലിന്റേതാണ് പ്രധാന ക്യാമറ. 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ബൊക്കെ ക്യാമറ എന്നിവയുൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യു ഇസഡ്6 ലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക