കൊച്ചി:ദിലീപിനെതിരെ തെളിവുകൾ കൈയ്യിലുണ്ടായിട്ടും ബാലചന്ദ്രകുമാർ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു.
ഈ നടപടി ബാലചന്ദ്രകുമാറിന് ദുരുദ്ദേശം ഉണ്ടോയെന്ന് സംശയമുണ്ടാക്കില്ലെ? അത്തരം കാര്യം ഈ ഘട്ടത്തിൽ പ്രസക്തമല്ലെന്ന് പ്രോസിക്യൂഷൻ. ഒരു കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോയെന്നത് മാത്രമാണ് കോടതി നോക്കേണ്ടത്. ദിലീപുമായി ബലചന്ദ്രകുമാറിന് വളരെ നേരത്തെ തന്നെ അടുത്ത് ബന്ധമുണ്ടെന്നും പ്രൊസിക്യൂഷൻ വാദിച്ചു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഇന്നലെ വാദം നടന്നിരുന്നു. വെറുതെ പറയുന്നത് വധ ഗൂഢാലോചന ആകുമോയെന്ന് ഇന്നലെ നടന്ന വാദത്തിനിടെ ഹൈക്കോടതി പ്രൊസിക്യൂഷനോട് ചോദിച്ചു.
ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ ഒരു കുറ്റകൃത്യം ചെയ്യേണ്ടേയെന്നും കോടതി ചോദിച്ചു. ദിലീപ് പറഞ്ഞത് വെറും വാക്കല്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. വധഗൂഢാലോചനയ്ക്ക് തെളിവുകളുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രൊസിക്യൂഷൻ പറഞ്ഞു.
അങ്ങനെയെങ്കിൽ കേസിൽ ബാലചന്ദ്രകുമാർ എന്തുകൊണ്ട് ഫസ്റ്റ് ഇൻഫോർമർ ആയില്ലെന്ന് കോടതി ചോദിച്ചു. കേസിന്റെ പേരിൽ തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ് കോടതിയിൽ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക