അതിമനോഹര കാഴ്ചകളുമായി സന്ദർശകരെ ആകർഷിക്കുന്ന ചിത്രകൂടിലേക്കുള്ള വഴിയും യാത്രയും ഏതൊരു സഞ്ചാരിയെയും ഹരം പിടിപ്പിക്കുന്നതാണ്.
ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിലാണ് ജഗദൽപൂർ സ്ഥിതി ചെയ്യുന്നത്. പ്രകൃതിയുടെ കയ്യൊപ്പു പതിഞ്ഞ സ്ഥലമെന്നു നിസംശയം പറയാവുന്ന ധാരാളം കാഴ്ചകൾ ഇവിടെയുണ്ട്.
ജഗദൽപൂരിൽ നിന്നും 38 കിലോമീറ്റർ സഞ്ചരിച്ചാൽ ഇന്ത്യൻ നയാഗ്ര എന്നറിയപ്പെടുന്ന ചിത്രകൂട് വെള്ളച്ചാട്ടം കാണാം. ഇന്ദ്രാവതി നദിയിലാണിത് സ്ഥിതി ചെയ്യുന്നത്. നയാഗ്ര പോലെ കുതിരലാടത്തിന്റെ ആകൃതിയിൽ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വീതിയേറിയ ചിത്രകൂട് വെള്ളച്ചാട്ടവുമുള്ളത്.
വർഷക്കാലത്തു ഉഗ്രരൂപം പ്രാപിക്കുന്ന വെള്ളച്ചാട്ടം, വേനലിൽ തീരെ ശാന്തമായാണ് താഴേയ്ക്ക് പതിക്കുന്നത്. വേനൽക്കാലങ്ങളിൽ തടാകത്തിലൂടെ ബോട്ടിൽ യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ഛത്തിസ്ഗഢ് വിനോദസഞ്ചാര വകുപ്പിന്റെ ആഡംബര ഹോട്ടൽ ഈ വെള്ളച്ചാട്ടത്തിനു സമീപത്തു തന്നെയാണ് സ്ഥിതി ചെയ്യുന്നത്. സന്ദർശകർക്കു താമസത്തിനായി ഇവിടം തെരെഞ്ഞെടുക്കാവുന്നതാണ്.
കൊടുംസർ ഗുഹ
1327 നീളമുള്ള ഈ പ്രകൃതിദത്ത ഗുഹയ്ക്ക് 35 മീറ്റർ ആഴമുണ്ട്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പ്രകൃതിദത്ത ഗുഹകളിൽ രണ്ടാം സ്ഥാനം കൊടുംസർ ഗുഹയ്ക്കാണ്.
ഇടുങ്ങിയ ഒരു വഴിയിലൂടെയാണ് ഗുഹയ്ക്കുള്ളിലേയ്ക്ക് പ്രവേശനം. ചുണ്ണാമ്പുകല്ലുകളാൽ രൂപമെടുത്തിട്ടുള്ള നിരവധി രൂപങ്ങൾ ഇവിടെ കാണാവുന്നതാണ്.
ഗുഹയുടെ മുകൾഭാഗത്തു നിന്നും താഴേക്ക് വളരുന്ന സ്റ്റാലക്റ്റൈറ്റ് പാറകളും ഗുഹയുടെ താഴെ നിന്നും മുകളിലേക്കു വളരുന്ന സ്റ്റാലഗ്മൈറ്റ് പാറകളും ഇവിടെ കാണാവുന്നതാണ്.
സഞ്ചാരികളെ അദ്ഭുതപ്പെടുത്തി സമുദ്ര നിരപ്പിൽനിന്ന് 5600 അടി ഉയരത്തിലുള്ള ഖേച്റിയോപാൽ തടാകം; വൃക്ഷനിബിഡമായ പ്രദേശത്ത് സ്ഥിതി ചെയ്തിട്ടും ഒരില പോലും വെള്ളത്തിലില്ല !
ആയിരകണക്കിനു വർഷങ്ങൾകൊണ്ടാണ് ഗുഹയ്ക്കുള്ളിൽ ഇത്തരം അദ്ഭുതങ്ങൾ പിറവിയെടുത്തിരിക്കുന്നത്.
കൊടുംസർ ഗുഹയിലെ മറ്റൊരു വിസ്മയ കാഴ്ച കണ്ണില്ലാത്ത മത്സ്യങ്ങളാണ്. ഗുഹയ്ക്കുള്ളിലൂടെ ഒഴുകുന്ന ചെറു നദിയിൽ ഈ മത്സ്യങ്ങളെ കാണാൻ സാധിക്കും.
മഴക്കാലത്തു ഇതിനുള്ളിലേക്ക് പ്രവേശനമില്ല. ഗുഹയിലൂടെ ഒഴുകുന്ന നദി ഉഗ്രരൂപം പ്രാപിക്കുന്നതു കൊണ്ട് ജൂൺ മുതൽ ഒക്ടോബർ വരെ സന്ദർശകരെ അനുവദിക്കുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക