ഹിഡിംബിയെ ആരാധിക്കുന്ന വളരെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് മണാലിയിൽ സ്ഥിതിചെയ്യുന്ന ഹിഡിംബ ദേവി ക്ഷേത്രം.
അത്യന്തം നിഗൂഢമായ എന്തോ ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിൽക്കുന്നതായി ആദ്യ നോട്ടത്തിൽ തന്നെ നമുക്ക് അനുഭവപ്പെടാൻ സാധിക്കും.
പതിനാറാം നൂറ്റാണ്ടിൽ (വർഷം 1553) മഹാരാജാ ബഹദൂർ സിംഗ് പണി പൂർത്തിയാക്കിയ, പഴമയുടെ പ്രൗഡിയോടെ നിലനിൽക്കുന്ന മനോഹരമായ ഒരു ക്ഷേത്രം.
ക്ഷേത്രത്തിന്റെ രൂപകല്പന, ക്ഷേത്രം സ്ഥിതിചെയ്യുന്ന ഭൂപ്രകൃതി ഈ രണ്ട് കാര്യങ്ങൾ തന്നെയായിരുന്നു ഏതൊരാളെയും പോലെ എന്നെയും ആകർഷിച്ചത്. സൂര്യപ്രകാശം കടന്നുവരാൻ നാണിക്കുന്ന, ഇടതൂർന്ന ദേവദാരു വൃക്ഷങ്ങൾക്ക് ഇടയിൽ മലമുകളിലാണ് ക്ഷേത്രം.
നാലു തട്ടുകളിലായി പഗോഡ മാതൃകയിൽ ആണ് ക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളത്. മൂന്ന് തട്ടുകൾ മരത്തിലും, ഏറ്റവും മുകളിലെ തട്ട് കോൺ മാതൃകയിൽ പിച്ചളയിലുമാണ് നിർമിച്ചിട്ടുള്ളത്.
ക്ഷേത്രത്തിന്റെ പുറം ചുമരുകൾ എല്ലാം തന്നെ പ്രധാനമായും കല്ലും, മരവും, മണ്ണും ഉപയോഗിച്ചാണ് പണിതിരിക്കുന്നത്. ചുമരുകളിൽ എല്ലാം ക്ഷേത്രത്തിൽ ബലി കൊടുത്ത മൃഗങ്ങളുടെ കൊമ്പുകൾ പ്രദർശിപ്പിച്ചിരിക്കുന്നതായി കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക