എണ്ണതേച്ച് കറുത്ത നീളമേറിയ തലമുടി…! ഏതു പെണ്ണിന്റേയും സൗന്ദര്യത്തെ പഴക്കാര്‍ വിലയിരിത്തിരുന്നത് ഇങ്ങനെയായിരുന്നു. കാലം മാറി കാഴ്ചപ്പാട് മാറി എങ്കിലും നീളമേറിയ തലമുടി ഇക്കാലത്തും പെണ്‍കുട്ടികളുടെ സ്വപ്നമാണ്. എന്നാല്‍ മുടി കൊഴിച്ചിലും താരനും ആ സ്വപ്നങ്ങള്‍ക്ക് വെല്ലുവിളിയാകാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം.
ഒരു ചെറിയ അശ്രദ്ധ പോലും നിങ്ങളുടെ മുടിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടി തഴച്ചു വളരാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്
പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഭക്ഷണം തലമുടിയുടെ വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്. പ്രോട്ടീനുകളും വിറ്റാമിനുകളായ എ, ബി, സി, ഡി, ഇ എന്നിവയും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഇലക്കറികള്‍, ബീന്‍സ്, ചെറിയ മീനുകള്‍, ചിക്കന്‍ എന്നിവ അത്തരത്തില്‍ തലമുടിക്ക് വേണ്ട പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നവയാണ്.
രണ്ട്
ശിരോചര്‍മ്മം മസാജ് ചെയ്യുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ചൂടാക്കിയ എണ്ണയുപയോഗിച്ചു മസാജ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ഇത് രക്തചംക്രമണം വര്‍ധിപ്പിക്കുകയും തലമുടി തഴച്ചു വളരാന്‍ സഹായിക്കുകയും ചെയ്യും.
മൂന്ന്
കൃത്യമായ ഇടവേളയില്‍ തലമുടി വെട്ടണം. മൂന്നുമാസം കൂടുമ്പോള്‍ മുടി വെട്ടുന്നതാണ് നല്ലത്. ഇത് മുടിയുടെ അറ്റം വിണ്ടുകീറുന്നതു തടയുകയും ഇതുവഴി മുടി വളരുകയും ചെയ്യും.
നാല്
ദിവസവും ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നത് തലമുടിക്ക് ദോഷം ചെയ്യും. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം ഷാംപൂ ഉപയോഗിക്കാം. അമിതമായി ഷാംപൂ ഉപയോഗിക്കുന്നതുമൂലം മുടി വളരാന്‍ സഹായിക്കുന്ന നാച്ചുറല്‍ ഓയില്‍ നഷ്ടമാവാം. ഷാംപൂ ചെയ്തു കഴിഞ്ഞാല്‍ കണ്ടീഷണര്‍ ഉപയോഗിക്കാനും മറക്കരുത്.
അഞ്ച്
ജെല്‍, ക്രീം, സെറം എന്നിവ മിതമായ അളവില്‍ മാത്രമേ തലമുടിയില്‍ പുരട്ടാവൂ. കൂടുതലായുള്ള ഉപയോഗം തലമുടിയെ മോശമായി ബാധിക്കാം.
ആറ്
തലയില്‍ എണ്ണ നന്നായി തേച്ചു പിടിപ്പിച്ചശേഷം കുളിക്കുക. ആഴ്ചയില്‍ ഒരിക്കല്‍ എന്ന രീതിയില്‍ ഇതു ചെയ്യുക. തലമുടിയുടെ സ്വാഭാവികത നിലനിര്‍ത്താനും മുടിയുടെ ആരോഗ്യത്തിനും ഇവ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക