നോർത്ത് പറവൂർ: നോര്‍ത്ത് പറവൂര്‍ വഴി പോകുന്ന യാത്രക്കാര്‍ ഇപ്പോള്‍ കെഎംകെ ജംഗ്ഷനില്‍ വച്ച് വണ്ടി സ്ലോ ചെയ്യുന്നത് ഒരു കൗതുകത്തോടെയാണ്. കാക്കിയിട്ട മൈക്കിള്‍ ജാക്സനാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ താരം. മൈക്കിള്‍ ജാക്സന്റെ എനര്‍ജിയോടെ ഡാന്‍സ് കളിച്ച് വാഹനങ്ങൾ നിയന്ത്രിക്കുന്ന എം ജെ തോമസെന്ന പൊലീസുകാരനെ കാണാൻ ചെറുതല്ലാത്ത തിരക്കാണ് ഇവിടെ. കാക്കി കുപ്പായമിട്ട് ചുവടുവയ്ക്കുന്ന ഇദ്ദേഹത്തെ കാണാനും ഫോട്ടോയും വീഡിയോയും പകര്‍ത്താനും തിരക്ക് കൂട്ടുന്നവർ ഇപ്പോള്‍ കെഎംകെ ജംഗ്ഷനിലെ പതിവുകാഴ്ചയാണ്.
എല്ലായ്പ്പോഴും വാഹനങ്ങൾ തിങ്ങിനിറഞ്ഞ കെ.എം.കെ ജംഗ്ഷന്റെ X ആകൃതി പലപ്പോഴും ഗതാഗതനിയന്ത്രണം ദുഷ്കരമാക്കിയിരുന്നു. തൻെറ ഊർജ്ജസ്വലമായ നൃത്തച്ചുവടുകളിലൂടെ ഈ തലവേദനയെ ലൈറ്റ് ആക്കുകയാണ് എം.ജെ തോമസ്. ട്രാഫിക് നിയന്ത്രണത്തിനായി റോഡിലെ തിരക്കിനനുസരിച്ച് അദ്ദേഹം ഒരു താളം കണ്ടെത്തുകയും ചുവടു വയ്ക്കുകയും ചെയ്യുന്നു. മണിക്കൂറുകൾക്കകം കാക്കി വസ്ത്രം ധരിച്ച മൈക്കിൾ ജാക്സണെ കേരളം മുഴുവൻ ഏറ്റെടുത്തു.
20 വര്‍ഷത്തോളം ബിഎസ്എഫിൽ സേവനമനുഷ്ഠിച്ച ശേഷമാണ് എംജെ തോമസ് ഹോം ഗാർഡായി മാറിയത്. തോമസ് 12 വർഷമായി ഇതേ ജോലിയാണ് ചെയ്യുന്നത്. 51കാരനായ തോമസിനെ കാണാൻ ദിവസവും നിരവധി പേരാണ് നോർത്ത് പറവൂരിൽ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക