ചിട്ടയായ വ്യായാമം, ഭക്ഷണം നിയന്ത്രം ഇവയെല്ലാം ചെയ്തിട്ടും നിങ്ങളുടെ വണ്ണം കുറയുന്നില്ല എങ്കിൽ നിങ്ങളുടെ ജീവിതശൈലിയിൽ നിങ്ങൾ വരുത്തുന്ന ചില തെറ്റുകൾ കാരണമാണ് നിങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിൽ നിങ്ങളുടെ തടി കുറയാത്തത് എന്ന് മനസിലാക്കാം. ചെറുതെന്ന് കരുതി നാം അവഗണിക്കുന്ന ഈ തെറ്റുകൾ നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. അവ എന്താണെന്ന് നോക്കാം.
ഉറക്കക്കുറവ്
ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിൽ ഉറക്കം വലിയ പങ്കു വഹിക്കുന്നുണ്ട്. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് കുറഞ്ഞത് 7 മണിക്കൂറെങ്കിലും കൃത്യമായ ഉറക്കം ലഭിക്കണം.
ചീറ്റ് മീൽ വില്ലനാകുമ്പോൾ
കടുത്ത ഡയറ്റുകൾ ചെയ്യുന്നവർ ആഴ്ചയിലൊരിക്കൽ തങ്ങൾക്കിഷ്ടമുള്ള ആഹാരം കഴിക്കുന്നതിനെയാണ് ചീറ്റ് മീൽ എന്ന് പറയുന്നത്. എന്നാൽ കണ്ണിൽ കാണുന്നതെല്ലാം വയറു നിറയെ വാരി വലിച്ച് തിന്നാൽ ചീറ്റ് മീൽ അത്രയും നാൾ ചെയ്ത ഡൈറ്റിനെ നിഷ്ഫലമാക്കും. . ആഴ്ച മുഴുവൻ കഴിക്കുന്ന മടുപ്പിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് ഒരു മാറ്റം ലഭിക്കാനായി ചെറിയൊരു മാറ്റത്തിനായി ഇഷ്ടപെട്ട ആഹാരം മിതമായ രീതിയിൽ ഏതെങ്കിലുമൊരു തവണ കഴിക്കാമെന്നതാണ് ചീറ്റ് മീൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
അമിതമായ വ്യായാമം
അമിത വ്യായാമം പലപ്പോഴും തടി കുറയുന്നതിനേക്കാൾ തടി കൂട്ടാനേ സഹായിക്കുകയുള്ളൂ. അമിതവും അശാസ്ത്രീയവുമായ വ്യായാമം ശരീരത്തിന്റെ ബേസിക് മെറ്റബോളിക് റേറ്റ് കുറയ്ക്കും. ഇത് വണ്ണം വയ്ക്കാൻ കാരണമാകും. മാത്രവുമല്ല അമിതവ്യായാമം ഹൃദയത്തിനും ശരീരത്തിനും ദോഷകരമാണ്.
വ്യായാമത്തിലെയും ഡയറ്റിങ്ങിലെയും അടിക്കടിയുള്ള മാറ്റം
വ്യായാമക്രമവും ഭക്ഷണരീതിയും ആകെമൊത്തത്തിൽ അടിക്കടി മാറ്റി പരീക്ഷിക്കുന്നുണ്ടെങ്കിൽ അത് നല്ലതല്ല. ഇപ്പോൾ തുടരുന്ന ഭക്ഷണക്രമം വിരസമായി തോന്നുന്നെങ്കിൽ ചെറിയ ചെറിയ മാറ്റങ്ങൾ അതിനുള്ളിൽ തന്നെ വരുത്താൻ നോക്കുക. ചേരുവകൾ മാറ്റിയും പുതിയ പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉൾപ്പെടുത്തിയും പുതുമ കൊണ്ടുവരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക