സ്വാദിഷ്ടമായ കലത്തപ്പം തയ്യാറാക്കാം
പച്ചരി : 1 കപ്പ് (2 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്)
പുഴുങ്ങല്ലരി : 1 കപ്പ് (2 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്)
ചോറി : 1 കപ്പ്
ശര്‍ക്കര : 1/2 കപ്പ് (മധുരമനുസരിച്ച് കൂട്ടാവുന്നതാണ്)
ചുവന്ന ഉള്ളി : 1/4 കപ്പ് ചെറുതായി അരിഞ്ഞത്
തേങ്ങാക്കൊത്ത് : 6 ടീസ്പൂണ്‍
ബേക്കിംഗ് സോഡ : ഒരു നുള്ള് (വേണമെന്നുണ്ടെങ്കില്‍)
ഉപ്പ് പാകത്തിന്
നെയ്യ്: 2 ടീസ്പൂണ്‍
വെള്ളം : ആവശ്യത്തിന്
തയ്യാറാക്കുന്നത്
കലത്തപ്പം തയ്യാറാക്കുന്നതിന് വേണ്ടി അരി രണ്ടും കഴുകി നല്ലതുപോലെ അരച്ചെടുക്കാവുന്നതാണ്. ഇതില്‍ അധികം വെള്ളം ചേര്‍ക്കാന്‍ പാടില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇതിലേക്ക് ചോറും ചേര്‍ത്ത് അരച്ചെടുക്കണം. ഇഡ്ഡലി മാവ് പരുവത്തില്‍ ആയാല്‍ പിന്നീട് അതിലേക്ക് ശര്‍ക്കര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കിയത് ചേര്‍ക്കണം. ചൂടോടെ ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ ആരെടുത്ത അപ്പം കിട്ടുകയുള്ളൂ.
ഇതിലേക്ക് അല്പം ഉപ്പും ചേര്‍ക്കുക. വേണമെന്നുണ്ടെങ്കില്‍ അല്പം ബേക്കിംഗ് സോഡയും ചേര്‍ക്കണം. ഒരു പ്രഷര്‍ കുക്കറില്‍ നെയ്യ് ഒഴിച്ച് തേങ്ങാ കഷ്ണങ്ങള്‍ ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നതുവരെ വറുത്തെടുക്കുക. ശേഷം ഇതിലേക്ക് ചുവന്ന ഉള്ളിയും വഴറ്റിയെടുക്കുക. പിന്നീട് കുക്കറിന്റെ എല്ലാ വശങ്ങളിലേക്കും എണ്ണ പുരട്ടാവുന്നതാണ്.
അതിന് ശേഷം വറുത്ത് വെച്ചിരിക്കുന്ന തേങ്ങയും ഉള്ളിയും അല്പം മാവില്‍ ചേര്‍ക്കുക. പിന്നീട് നല്ലതുപോലെ ചൂടുള്ള കുക്കറിലേക്ക് മാവ് ഒഴിക്കുക. മാവ് ഒഴിച്ച ശേഷം ഇത് ഇളക്കി നോക്കാന്‍ പാടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അതിന് മുകളിലേക്ക് ബാക്കിയുള്ള തേങ്ങയും ചെറിയ ഉള്ളിയും ചേര്‍ക്കുക. ഇനി കുക്കറിന്റെ വിസില്‍ മാറ്റി 10 മിനിറ്റ് ലോ ഫ്ളെയിമില്‍ ഇട്ട് വേവിക്കുക.
നല്ലതുപോലെ വെന്ത് കഴിഞ്ഞാല്‍ ഒരു ഈര്‍ക്കില്‍ എടുത്ത് അപ്പത്തില്‍ കുത്തി നോക്കുക. അകം വെന്തിട്ടുണ്ടെങ്കില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. പിന്നീട് സ്റ്റൗ ഓഫ് ചെയ്ത് 15 മിനിറ്റിന് ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് ഇളക്കി മാറ്റാവുന്നതാണ്. നല്ല സ്വാദിഷ്ഠമായ കലത്തപ്പം വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക