കൊരട്ടി : കൃഷിപ്പണിയിലൂടെയും, തൊഴിലുറപ്പ് ജോലിയിലൂടെയും സ്വരൂപിച്ച പണംകൊണ്ട് ഒരു കൂട്ടം വയോജനങ്ങൾ വിമാനയാത്ര നടത്തണമെന്ന ഏറ്റവും വലിയ ആഗ്രഹം സഫലമാക്കി. സഹായത്തിനായി ഗ്രാമത്തിലെ ചില സുമനസ്സുകളും കൈകോർത്തപ്പോൾ ലഭിച്ചത് അതിമധുരമുള്ള യാത്ര.
വെസ്റ്റ് കൊരട്ടി അന്നമനട പഞ്ചായത്തിലെ 7, 8 വാർഡുകളിലെ 45 സ്ത്രീകളും, 15 പുരുഷൻമാരും അടങ്ങുന്ന സംഘമാണ് ആകാശയാത്രയെന്ന സ്വപ്നം യാഥാർഥ്യമാക്കിയത്. വീട്ടമ്മമാരുൾപ്പെടെയുള്ള സംഘം നെടുമ്പാശ്ശേരിയിൽ നിന്നും ബെംഗളൂരുവിലേക്കാണ് പറന്നത്. പട്ടത്തിപറമ്പിൽ അമ്മിണി എന്ന 80 വയസ്സുകാരിയായിരുന്നു സംഘത്തിലെ ഏറ്റവും പ്രായം കൂടിയ യാത്രക്കാരി. കൂടാതെ 70 വയസ്സിനു മുകളിലുള്ള 22 പേരും, 60 ൽ താഴെയുള്ള 7 പേരും ഉണ്ടായിരുന്നു.
സംസ്ഥാന സർക്കാരിന്റെ നെൽക്കതിർ പുരസ്കാരം ലഭിച്ച കൊരട്ടി കൂട്ടുകൃഷി സംഘത്തിലെ അംഗങ്ങളും കൂട്ടത്തിലുണ്ടായിരുന്നു. വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന കൊരട്ടി സ്വദേശി മാച്ചേരി അരുൺ കുമാർ എന്ന വ്യക്തി മുഖേനയാണ് സ്വപ്നയാത്ര വളരെ വേഗം സഫലമായത്. സംഘത്തിന്റെ ഭക്ഷണം, നാട്ടിലെയും ബെംഗളൂരുവിലെയും ബസ് യാത്രയുടെ ചിലവ് എന്നിവ മഹാദേവ ബസ് ഉടമ രഞ്ജിത് വേണു ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക