ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധവും ജാഗ്രതയും വർധിപ്പിക്കാൻ നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസ്ക് ധരിക്കുന്നതിന് മുൻഗണന നൽകണമെന്നും സാമ്പിളുകൾ ജനിതക ശ്രേണീകരണം നടത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
കോവിഡ് മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി ഇന്ന് വൈകുന്നേരം മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്സിനേഷൻ, കോവിഡ്-ഉചിതമായ പെരുമാറ്റം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. മരുന്നുകൾ ഉൾപ്പെടെയുള്ളവയുടെ ലഭ്യത ഉറപ്പാക്കാനും പ്രധാനമന്ത്രി നിർദ്ദേശം നൽകി.
1,134 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 7,026 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ച് പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,813 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക