സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഹിഗ്വിറ്റയുടെ ട്രെയിലർ പുറത്ത് വിട്ടു. കണ്ണൂർ രാഷ്ട്രീയത്തെ കുറിച്ച് പറയുന്ന സിനിമയാണ് ഹിഗ്വിറ്റയെന്ന് തോന്നിപ്പിക്കും വിധമാണ് അണിയറ പ്രവർത്തകർ ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്. വിവാദങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന ചിത്രത്തിന്റെ റിലീസ് തീയതി അടുത്തിടെയാണ് പ്രഖ്യാപിച്ചത്.
സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ഹിഗ്വിറ്റയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതനായ ഹേമന്ദ് ജി നായരാണ്. ബോബി തര്യനും സജിത് അമ്മയുമാണ് ചിത്രത്തിന്റെ നിർമ്മാണം.കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസും ജി.സി.സിയിൽ പാർസ് ഫിലിംസുമാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
അടുത്തിടെ മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രമാണ് ഹിഗ്വിറ്റ. ആദ്യാമായാണ് ഒരു സിനിമയുടെ പേരിൽ സിനിമാ സാഹിത്യ മേഖലയിൽ വാദ പ്രതിവാദങ്ങൾ നടന്നത്. ഹിഗ്വിറ്റ എന്ന പേര് വിവാദമായതിന്റെ പേരിൽ ചിത്രത്തിന്റെ റിലീസിന് തടസം നേരിട്ടിരുന്നു. എഴുത്തുകാരൻ എൻ എസ് മാധവനാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നത്. എൻ എസ് മാധവന്റെ ചെറുകഥയുടെ പേര് ഹിഗ്വിറ്റയാണെന്നും അതേ പേരിലുള്ള സിനിമയ്ക്ക് അനുമതി നൽകരുതെന്നും എഴുത്തുകാരൻ ആവശ്യപ്പെട്ടു. എഴുത്തുകാരന്റെ ആവശ്യപ്രകാരം ഫിലിം ചേംബർ സിനിമയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ അണിയറ പ്രവർത്തകർ നിയമനടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക