ആഗോളതലത്തിൽ 150 കോടി കളക്ഷൻ നേടുന്ന ആദ്യത്തെ മലയാള ചിത്രമെന്ന നേട്ടത്തിലേക്ക് ‘2018’. ചിത്രം ബോക്സ് ഓഫിസ് കളക്ഷൻ 150 കോടി കടന്ന് മുന്നേറുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. സാറ്റലൈറ്റ് കളക്ഷനൊന്നും കൂട്ടാതെ തിയറ്ററിൽ നിന്നുമാത്രമായാണ് 150 കോടിയിലേക്ക് ചിത്രം എത്തിയത്.
റിലീസ് ചെയ്ത് മൂന്നാം വാരമാണ് അമ്പരപ്പിക്കുന്ന നേട്ടത്തിലേക്ക് ചിത്രം എത്തിയത്. ‘150 കോടിക്കൊപ്പം നിൽക്കുമ്പോഴും, ഞാൻ തലകുനിച്ചു കൈകൂപ്പി നിങ്ങളെ വന്ദിക്കുന്നു…നിങ്ങൾ ,ജനങ്ങൾ ഈ സിനിമയോട് കാണിച്ച സ്നേഹവും, ഇഷ്ടവുമാണ് ഈ സിനിമയെ ഇത്രയേറെ ഉയരങ്ങളിലെത്തിച്ചത്… അതിരുകടന്ന ആഹ്ലാദമോ,ഒരു തരി പോലും അഹങ്കാരമോ ഇല്ല…എല്ലാം ദൈവ നിശ്ചയം’- എന്നായിരുന്നു നിർമാതാവ് വേണു കുന്നപ്പള്ളി കുറിച്ചത്.
ദൈവത്തിന്റെ അനുഗ്രഹം എന്ന കുറിപ്പിലാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാനവേഷത്തിലെത്തിയ ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയവരും സന്തോഷം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക