ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ ഭര്‍ത്താവ് മരണപ്പെട്ടതായി കാണിച്ച് വ്യാജമായി നഷ്ടപരിഹാര തുക സ്വന്തമാക്കാൻ ശ്രമിച്ച സ്ത്രീ കുടുങ്ങി. കട്ടക്ക് ജില്ലയിലെ മണിബണ്ട സ്വദേശിനിയായ ഗീതാഞ്ജലി ദത്തയാണ് ജൂൺ രണ്ടിനുണ്ടായ അപകടത്തിൽ തന്റെ ഭർത്താവായ ബിജയ് ദത്ത മരിച്ചതായി കാണിച്ച് നഷ്ടപരിഹാര തുക നേടിയെടുക്കാൻ ശ്രമിച്ചത്.
ഒരു മൃതദേഹം തന്റെ ഭർത്താവിന്റേതാണെന്ന് ഇവര്‍ തിരിച്ചറിയുകയും ചെയ്തിരുന്നു. എന്നാൽ, രേഖകൾ പരിശോധിച്ചപ്പോൾ ഇവരുടെ അവകാശവാദം തെറ്റാണെന്ന് അധികൃതര്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍, ഗുരുതര തട്ടിപ്പ് നടത്താൻ ശ്രമിച്ച ഗീതാഞ്ജലിയെ താക്കീത് നൽകി പൊലീസ് വിട്ടയച്ചു.
പക്ഷേ, ഇവരുടെ ഭര്‍ത്താവായ ബിജയ് ദത്ത മണിബണ്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ അറസ്റ്റ് ഭയന്ന് യുവതി ഇപ്പോൾ ഒളിവിൽ പോയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 13 വര്‍ഷമായി ബിജയ് ദത്തയും ഗീതാഞ്ജലിയും പിരിഞ്ഞ് ജീവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക