വരണ്ട ചർമ്മം മിക്കവരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. വരണ്ട ചർമ്മമുള്ളവർക്ക് ചർമ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. വരണ്ട ചർമ്മം അസ്വസ്ഥതയ്ക്കും ചൊറിച്ചിലിനും കാരണമാകാറുണ്ട്. വരണ്ട ചർമ്മത്തിൽനിന്നും രക്ഷ നേടാൻ വിപണിയിൽ ലഭ്യമായ പല ക്രീമുകളെയും ആശ്രയിക്കാറുണ്ട്. എന്നാൽ, ചർമ്മത്തിന് അനുയോജ്യമായ ക്രീമുകൾ തിരഞ്ഞെടുത്തില്ലെങ്കിൽ വിപരീത ഫലമുണ്ടാക്കും.
പല കാരണങ്ങൾ കൊണ്ടും ചർമ്മം വരണ്ടതാകാൻ സാധ്യതയുണ്ട്. അതിൽ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണെന്നാണ് വിദഗ്ധർ പറയുന്നു. എസിയിൽ മണിക്കൂറുകളോളം ഇരിക്കുക, അത്യധികം ചൂടുള്ളതോ തണുത്തതോ ആയ വെള്ളം ഉപയോഗിച്ച് കുളിക്കുക, വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥ, വീര്യം കൂടിയ സോപ്പുകളോ എക്സ്ഫോളിയന്റുകളോ ചർമ്മത്തിന്റെ വരൾച്ചയ്ക്ക് കാരണമാകാം. എന്നാൽ വരണ്ട ചർമ്മത്തിന് വീട്ടിലുണ്ട് ചില പ്രതിവിധികൾ.
ഒരു പഴത്തിൻറെ പൾപ്പും നന്നായി വിളഞ്ഞ അവോക്കാഡോയും അൽപം തേനും ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഒരു മണിക്കൂറിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം. വരണ്ട ചർമ്മമുള്ളവർക്ക് പരീക്ഷിക്കാവുന്ന ഒരു പാക്കാണിത്. അവോക്കാഡോ ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു.
വെളിച്ചെണ്ണ നല്ലൊരു മോയ്സ്ച്യുറൈസറാണ്. ഇളം ചൂടുള്ള വെളിച്ചെണ്ണ മുഖത്ത് പതിയെ മസാജ് ചെയ്യുക. എണ്ണ രാത്രി മുഴുവൻ നേരം ഇട്ടേക്കുക. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുൻപ് ഇങ്ങനെ ചെയ്യുക. വെളിച്ചെണ്ണയിൽ പ്രകൃതിദത്ത വിറ്റാമിനുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ ടാൻ നീക്കം ചെയ്യാൻ സഹായിക്കും. ചർമ്മത്തിൽ നിന്ന് ടാനിംഗ് നീക്കം ചെയ്യുന്നതിനു പുറമേ അണുബാധകളും ഫംഗസ് വളർച്ചയും തടയുന്നതിനും സഹായകമാണ്.
കറ്റാർവാഴ വരണ്ട ചർമ്മമുള്ളവർക്ക് കറ്റാർവാഴ മികച്ചതാണ്. വരണ്ട കൈകളിലോ കാലുകളിലോ കറ്റാർവാഴ ജെൽ പുരട്ടുക. കറ്റാർവാഴ ഒരു വൈറ്റമിൻ സമ്പുഷ്ടമായ ഒരു സസ്യമാണ്. കറ്റാർവാഴ ഒരു മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറാണ്. വരണ്ട ചർമ്മത്തെ ശമിപ്പിക്കാൻ സഹായിക്കും. ഇതിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്.
പാലും മഞ്ഞളും. ആരോഗ്യകരമായ കൊഴുപ്പുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ പാൽ മികച്ച മോയ്സ്ച്യുറൈസറാണ്. ഇവ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ചൊറിച്ചിൽ അല്ലെങ്കിൽ വീക്കം വരുന്നത് തടയും. പാൽ ഉപയോഗിച്ചുള്ള ഫെയ്സ്പാക്കും വരണ്ട ചർമ്മമുള്ളവർക്ക് നല്ലതാണ്. രണ്ടു ടേബിൾസ്പൂൺ പാൽ, ഒരു നുള്ള് മഞ്ഞൾ, ഒരു ടീസ്പൂൺ തേൻ, കുറച്ച് വെള്ളം എന്നിവ മിക്സ് ചെയ്യുക. മുഖത്ത് പുരട്ടിയശേഷം ഉണങ്ങുന്നതുവരെ കാത്തിരിക്കുക. അതിനുശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടു ദിവസം ഇങ്ങനെ ചെയ്യുക.
വരണ്ട ചർമ്മം ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾ ഒരിക്കലും സൺസ്ക്രീൻ ഉപയോഗിക്കുന്നത് ഒഴിവാക്കരുത്. ഇത് ചർമ്മത്തിന് മുഴുവനായും നൽകുന്ന സംരക്ഷണമാണ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുസരിച്ച്, ചർമ്മ പ്രശ്നങ്ങൾ ഒഴിവാക്കാൻ നിങ്ങൾ 15 അല്ലെങ്കിൽ അതിൽ കൂടുതൽ എസ്പിഎഫ് ഉള്ള സൺസ്ക്രീൻ പുരട്ടണം. ചർമ്മത്തിന് അനുയോജ്യമായ തരത്തിലുള്ള ഒരു സൺസ്ക്രീൻ തിരഞ്ഞെടുക്കുക. ചില സൺസ്ക്രീനുകളിൽ സിങ്ക് ഓക്സൈഡ് അടങ്ങിയിട്ടുണ്ട്, ഇത് വരണ്ട ചർമ്മത്തിലേക്ക് നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക