വിവാഹം ജീവിതത്തിലെ ഒരു പ്രധാന ഘട്ടമാണ്. ജീവിതപങ്കാളിയെ കണ്ടെത്തുന്നതിന് പല രീതികളും ഇന്ന് നമുക്ക് മുന്നിൽ ഉണ്ട്. ഇപ്പോഴിതാ യുഎസില്‍ നിന്നുള്ള ഒരു സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസര്‍ പങ്കാളിയെ കണ്ടെത്താൻ നൽകിയ ഒരു പരസ്യം ആണ് വൈറൽ ആവുന്നത്.
ഈവ് ടില്ലി കോള്‍സണ്‍ എന്ന മുപ്പത്തിയഞ്ചുകാരിയാണ് പരസ്യമായി ജീവിതപങ്കാളിയെ അന്വേഷിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. ഇവര്‍ക്ക് യോജിച്ച പങ്കാളിയെ കണ്ടെത്തി കൊടുക്കാൻ ആര്‍ക്കെങ്കിലും സാധിച്ചാല്‍ അവര്‍ക്ക് പാരിതോഷികമായി നാല് ലക്ഷം രൂപ നല്‍കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെയൊരു സമ്മാനം പ്രഖ്യാപിച്ചതോടെയാണ് ഇവരുടെ വിവാഹപരസ്യം വലിയ രീതിയില്‍ ശ്രദ്ധേയമായത്.
ടിക് ടോക്കില്‍ വീഡിയോ ആയിട്ടാണ് ഈവ് തന്റെ വിവാഹപരസ്യം നല്‍കിയിരിക്കുന്നത്. തനിക്ക് സിംഗിള്‍ ജീവിതം മടുത്തുവെന്നും, വളരെ സീരിയസായൊരു റിലേഷൻഷിപ്പാണ് അന്വേഷിക്കുന്നതെന്നും ഈവ് പറയുന്നു. ഡേറ്റിംഗ് ആപ്പുകളെയൊക്കെ ആശ്രയിക്കുന്ന പുരുഷന്മാരില് അധികപേരും സീരിയസ് ബന്ധങ്ങള്‍ വേണ്ട എന്നുള്ളവരാണെന്നും കൊവിഡ് കാലത്തിന് ശേഷമാണ് ഡേറ്റിംഗ് രീതിയില്‍ ഇത്രമാത്രം മാറ്റം വന്നതെന്നും ഈവ് പരസ്യത്തിൽ പറയുന്നു.
അഞ്ചടി പത്തിഞ്ചാണ് ഈവിന്റെ ഉയരം. അതിനാല്‍ തന്നെ അഞ്ചടി പതിനൊന്ന് ഇഞ്ചെങ്കിലും ഉയരമുള്ള ആളെയാണ് ഇവര്‍ അന്വേഷിക്കുന്നത്. മതം, രാഷ്ട്രീയ പാര്‍ട്ടി, നാട് ഇതൊന്നും വിഷയമല്ല. 27- 40 വയസ് വരെ പ്രായമുള്ളവരെ പരിഗണിക്കുന്നു. നല്ല ‘സെൻസ് ഓഫ് ഹ്യൂമര്‍’ ഉള്ള ആളായിരിക്കണമെന്നും, സ്പോര്‍ട്സ്- മൃഗങ്ങള്‍- കുട്ടികള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ അഭിരുചി ഉണ്ടായിരിക്കണമെന്നതുമാണ് ഈവിന്റെ മറ്റ് ഡിമാൻഡുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക