തലശേരിയിൽ ലഹരി ഉൽപ്പന്നങ്ങളുമായി യുവതി ഉൾപ്പെടെ ആറ് പേർ പൊലീസ് പിടിയിലായി. റെയിൽവേ സ്റ്റേഷൻ പരിസരത്തെ സ്റ്റാർ റസിഡൻസിയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ, കഞ്ചാവ് എന്നിവയുമായി സംഘം പിടിയിലായത്.
കോഴിക്കോട് മുക്കം സ്വദേശി ചിറക്കാട്ടിൽ ഹൗസിൽ സി വിഷ്ണു (22), തലശേരി ചിറക്കര സ്വദേശി എൻ കെ സഫ്വാൻ (27), ചൊക്ലി സി പി റോഡ് ആണ്ടിപീടികയിലെ സൽനാസിൽ മുഹമ്മദ് സനൂൻ (26), കൊല്ലം പുത്തൂർ സ്വദേശി വി അനന്തു (26), തലശേരി ചിറക്കര സ്വദേശി കെ എസ് ഹിലാൽ (23), കോട്ടയം സ്വദേശി അഖില എന്നിവരെയാണ് തലശേരി എസ്ഐ എസ് വി മിഥുനും സംഘവും അറസ്റ്റുചെയ്തത്.
ശനിയാഴ്ച രാത്രിയാണ് ഇവർ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് ഹോട്ടലിൽ പരിശോധനക്കെത്തിയത്. 2.77 ഗ്രാം എംഡിഎംഎയും 3.77 ഗ്രാം കഞ്ചാവുമാണ് ഇവരിൽനിന്ന് പിടിച്ചത്. ഇവരുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.
മംഗളൂരുവിൽനിന്നും ട്രെയിൻ മാർഗം തലശേരിയിലെത്തി ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക