പഴം നല്ലതുപോലെ പഴുത്ത് കറുത്ത് പോയോ? വിഷമിക്കേണ്ട. പഴുത്ത പഴം കൊണ്ട് വളരെ ഹെൽത്തി ആയ കിടിലൻ ഒരു പലഹാരം തയ്യാറാക്കി എടുക്കാം. മധുരം ഇഷ്ടമുള്ളവർക്ക് തീർച്ചയായും വെറൈറ്റിയായ ഈ വിഭവം ഇഷ്ടപ്പെടും എന്ന് ഉറപ്പ്.
ഇതിനായി ആദ്യം തന്നെ കുറച്ച് നേന്ത്രപ്പഴം എടുത്ത് നല്ലതുപോലെ ആവി കയറ്റി വേവിച്ചെടുക്കണം. ചൂടാറിയതിനു ശേഷം പഴം എടുത്ത് അതിന്റെ തൊലി കളഞ്ഞശേഷം രണ്ടായി മുറിച്ച് അതിന് നടുക്കുള്ള കറുത്ത അരി മാറ്റിയെടുക്കാം. ചെറുതായി മുറിച്ചെടുത്ത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ അരച്ചെടുക്കണം. പിന്നീട് ഇതിലേക്ക് അരിപ്പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് ചപ്പാത്തി മാവു പോലെ കുഴച്ചെടുക്കണം. കയ്യിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ അല്പം നെയ്യോ എണ്ണയോ ഉപയോഗിക്കാം. ഇത് മാറ്റിവെക്കാം.
ഇനി ഇതിലേക്ക് ഫില്ലിങ് റെഡിയാക്കി എടുക്കണം. ഒരു പാൻ ചൂടാക്കിയ ശേഷം അതിലേക്ക് അല്പം നെയ്യ് ഒഴിച്ചു കൊടുക്കാം. നെയ്യ് ചൂടായി വരുമ്പോൾ കുറച്ച് അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് കൊടുക്കണം. അണ്ടിപ്പരിപ്പും മുന്തിരിയും ഫ്രൈ ആയി വരുമ്പോൾ ഇതിലേക്ക് അല്പം തേങ്ങ ചിരകിയത് ചേർത്തു കൊടുക്കാം. രണ്ട് മിനിറ്റ് ഇളക്കി യോജിപ്പിച്ചതിനുശേഷം മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കാം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം അല്പം ഏലയ്ക്കാപ്പൊടി കൂടി ചേർക്കണം. നല്ലതുപോലെ ഒന്നുകൂടി ഇളക്കിയതിനു ശേഷം ഇതും വാങ്ങി വയ്ക്കാം.
നമ്മൾ കുഴച്ചുവെച്ച മാവ് എടുത്ത് മൂന്ന് ഉരുളകളാക്കി എടുക്കണം. ഒരു വാഴയിലയിൽ കുറച്ച് എണ്ണ തടവിയതിനുശേഷം ഓരോ ഉരുളകളായി കുറച്ച് കനത്തിൽ പരത്തി എടുക്കണം. മാവിന്റെ മുകളിൽ ഇടയിലായി നമ്മൾ തയ്യാറാക്കി വെച്ച ഫില്ലിംഗ് വെച്ചു കൊടുക്കാം. പരത്തി വെച്ച മറ്റൊരു മാവ് എടുത്ത് ഫില്ലിങ്ങിന് മുകളിലായി വെച്ച് നല്ലതുപോലെ സൈഡ് അമർത്തി ഒട്ടിച്ചെടുക്കണം. അടുത്തതും വെച്ച് കൊടുക്കാം. ഇനി ഇത് സ്റ്റീമറിൽ ആവി കയറ്റി വേവിച്ചെടുക്കണം. ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുത്ത് സെർവ് ചെയ്യാം
പ്രതികരിക്കാൻ ഇവിടെ എഴുതുക