തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു. രോഗബാധയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.
1956 ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ ആനത്തലവട്ടം, 1964 ൽ പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം നിലയുറപ്പിച്ചു. ആറ്റിങ്ങൽ മണ്ഡലത്തിൽനിന്ന് മൂന്നുവട്ടം എംഎൽഎയായി. 2008 ൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. സിഐടിയു ദേശീയ വൈസ് പ്രസിഡന്റും അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാനുമാണ്.
കേന്ദ്രസർക്കാരിന്റെ കയർമിത്ര പുരസ്കാരം, കയർ മില്ലനിയം പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ കയർ അവാർഡ്, സി.കേശവൻ സ്മാരക പുരസ്കാരം, എൻ.ശ്രീകണ്ഠൻ നായർ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ ലൈല. മക്കൾ: ജീവ ആനന്ദൻ, മഹേഷ് ആനന്ദൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക