ഉപഭോക്താക്കൾക്ക് വീണ്ടും എട്ടിന്റെ പണിയുമായി എത്തിയിരിക്കുകയാണ് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സ്. ഇത്തവണ എക്സ് പ്ലാറ്റ്ഫോമിലെ ‘ക്ലിക്ക് ബെയ്റ്റ്’ പരസ്യങ്ങളാണ് വിവാദമായിരിക്കുന്നത്. ചെറിയ സമയത്തിനുള്ളിൽ വലിയ വിവാദങ്ങൾക്കാണ് ക്ലിക്ക് ബെയ്റ്റ് പരസ്യങ്ങൾ തുടക്കമിട്ടിരിക്കുന്നത്. പലപ്പോഴും ഉപഭോക്താക്കൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നവയാണ് ക്ലിക്ക് ബെയ്റ്റ് പരസ്യങ്ങൾ. ഇവ ബ്ലോക്ക് ചെയ്യാനോ റിപ്പോർട്ട് ചെയ്യാനോ കഴിയില്ലെന്നതാണ് ക്ലിക്ക് ബെയ്റ്റ് പരസ്യങ്ങൾ തലവേദനയാകുന്നത്. ഇത് വലിയ രീതിയിൽ ശല്യമായി മാറിയതോടെ നിരവധി ഉപഭോക്താക്കളാണ് ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ലേബൽ ചെയ്യാത്ത പരസ്യങ്ങൾ ഇതിനകം തന്നെ ഉപഭോക്താക്കളുടെ ഫീഡിൽ വന്നു തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഈ പരസ്യങ്ങൾ ആരാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതുവരെ എക്സ് നടത്തിയിട്ടില്ല. പലപ്പോഴും ഇവ പരസ്യങ്ങൾ ആണോ എന്ന് പോലും മനസിലാക്കാൻ കഴിയാത്ത അവസ്ഥയാണ്. സ്പാം പരസ്യങ്ങൾക്ക് സമാനമായ രീതിയിൽ തികച്ചും ക്വാളിറ്റി ഇല്ലാത്ത കണ്ടന്റുകളാണ് ഇത്തരം പരസ്യങ്ങൾക്ക് ഉള്ളതെന്ന് ഉപഭോക്താക്കൾ അറിയിച്ചു. എക്സിന്റെ മൊബൈൽ വേർഷനിലാണ് ക്ലിക്ക് ബെയ്റ്റ് പരസ്യങ്ങൾ കൂടുതലായും കാണപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക