പാല് കുടിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്. എന്നാല്‍ ആ പാലില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുകയാണെങ്കില്‍ അത് നിരവധി രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കും. എന്തെന്നാല്‍ ആന്റിബയോട്ടിക് ഗുണങ്ങളാല്‍ സമ്പന്നമാണ് മഞ്ഞളും പാലും. മഞ്ഞളിട്ട പാല് കുടിക്കുന്നത് സന്ധിവാത പ്രശ്നം അകറ്റി നിര്‍ത്താന്‍ സഹായിക്കും. ശരീരത്തിലെ വീക്കം കുറയ്ക്കാനും അത്തരം പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്ന ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
മഞ്ഞളിലെ സജീവ ഘടകമായ കുര്ക്കുമിന് സന്ധി വേദനയും ശരീരത്തിലെ വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്ന ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന് റിവ്യൂവില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. രക്തം ശുദ്ധീകരിക്കുന്നതിനും അതിലെ എല്ലാ വിഷവസ്തുക്കളെയും നീക്കം ചെയ്യുന്നതിനും ചെറു ചൂടുള്ള മഞ്ഞള്‍ പാല് കുടിക്കുന്നത് വളരെ നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു. മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താനും പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കാനും സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റാണ് മഞ്ഞളിലെ കുര്ക്കുമിന്. ഇത് ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ എന്നിവയുടെ സാധ്യത കുറയ്ക്കുന്നു.
രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും അണുബാധകള്‍ക്കും രോഗങ്ങള്‍ക്കും എതിരെ സ്വയം പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്താനും സഹായിക്കുന്ന ഇമ്മ്യൂണോമോഡുലേറ്ററി ഗുണങ്ങള്‍ മഞ്ഞളിട്ട പാലിനുണ്ട്. കരളില്‍ പിത്തരസത്തിന്റെ ഉല്പാദനത്തെ ഉത്തേജിപ്പിക്കുകയും കൊഴുപ്പുകളുടെ ശരിയായ ദഹനത്തിന് സഹായിക്കുകയും ചെയ്യുന്ന ഗുണങ്ങള്‍ മഞ്ഞളിട്ട പാലില്‍ അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതുപോലെ തന്നെ പാലില്‍ മഞ്ഞളിട്ട് കുടിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. മസ്തിഷ്ക കോശങ്ങളുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു സംയുക്തമായ ബ്രെയിന്‍ ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടര്‍ (ബിഡിഎന്‍എഫ്) അളവ് വര്‍ദ്ധിപ്പിക്കാന്‍ കുര്ക്കുമിന് കഴിയുമെന്ന് ന്യൂറോപെപ്റ്റൈഡ്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. തലച്ചോറിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക