ഒട്ടനവധി ഔഷധഗുണങ്ങളുള്ള സസ്യമാണ് പനിക്കൂര്‍ക്ക. പനിയെ അകറ്റാന്‍ ഉപയോഗിക്കുന്ന പ്രധാന നാട്ടുവൈദ്യമാണ് പനികൂര്‍ക്ക. പനിക്കൂര്‍ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ആവിപിടിക്കുന്നതും ജലദോഷം, തൊണ്ടവേദന, കഫക്കെട്ട്, പനി എന്നിവയെ അകറ്റുന്നു.
ശിശുക്കളിലും മുതിര്‍ന്നവരിലും കഫത്തെ അകറ്റാനുള്ള സവിശേഷ ശേഷിയുണ്ട് പനികൂര്‍ക്കയ്ക്ക്. നവജാതശിശുക്കളില്‍ നീരിളക്കം തടയുന്നതിന് പനിക്കൂര്‍ക്കയില വാട്ടി നെറുകയില്വെക്കുന്നത് ഫലപ്രദമാണ്.
അതുപോലെ നീറിപ്പുകയുന്ന ലേപനങ്ങളൊന്നും പുരട്ടിക്കൊടുക്കാനാവാത്ത പ്രായത്തില്‍ കുഞ്ഞ് കിടക്കുന്നതിനടുത്ത് രണ്ട്-മൂന്ന് ഇലകള്‍ ചതച്ചുവെച്ചുകൊടുത്താല് മൂക്കിലെ കഫംനീങ്ങി നന്നായി ശ്വാസമെടുക്കുന്നതിന് സഹായകമാണ്. ഇലകള്‍ വാട്ടിയശേഷം പിഴിഞ്ഞെടുത്ത നീരില്‍ ചെറുതേന്‍ ചേര്‍ത്ത് സേവിക്കുന്നത് കുട്ടികളിലും മുതിര്‍ന്നവരിലും കഫശല്യവും ചുമയും അകറ്റുന്നു. പനിക്കൂര്‍ക്ക ദഹനത്തെ നന്നായി സഹായിക്കുന്നു.
ഇലകള്‍ ഒരു സ്പൂണിലോ തവിയിലോ എടുത്ത് ഇളംതീയില്‍ ചൂടാക്കി വാട്ടിപ്പിഴിഞ്ഞെടുക്കുന്ന നീരില്‍ അല്പം തേന്‍ചേര്‍ത്ത് നല്കിയാല് ശിശുക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ചുമ, കഫക്കെട്ട്, ജലദോഷം എന്നിവ ശമിക്കും. ഇതിട്ടുതിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നതും കഫശല്യം, ചൊറിച്ചില്‍, ശരീരവേദന തുടങ്ങിയവ അകറ്റുന്നതിന് നല്ലതാണ്.
തലയില്‍ തേക്കാനായി എണ്ണകാച്ചുമ്പോള്‍ പനിക്കൂര്‍ക്കയുടെ ഇലകള്‍ അരച്ചുചേര്‍ത്താല്‍ നീര്‍വീഴ്ചയും ജലദോഷവും ഇല്ലാതാകും. ഇതിന്റെ ഇലകളുടെ ഗന്ധം മുറികളിലെ പല്ലിയുടെയും പാറ്റയുള്പ്പെടെയുള്ള പ്രാണികളുടെയും ശല്യമകറ്റാന്‍ സഹായകമാണ്. തലമുടി വളരുന്നതിനായി മൈലാഞ്ചി, നെല്ലിക്ക തുടങ്ങിയവ അടങ്ങിയ വിവിധ ഹെയര്‍ പായ്ക്കുകളും നരയകറ്റുന്നതിനുള്ള ഡൈയും മറ്റും തലയില്‍ പുരട്ടിയിരിക്കുമ്പോഴുള്ള നീരിറക്കം ഒഴിവാക്കുന്നതിന് പ്രസ്തുതമിശ്രിതങ്ങളില് പനിക്കൂര്ക്കകൂടി അരച്ചുചേര്‍ക്കുന്നത് ഏറെ ഫലപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക