താരാരാധനയില്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് വേണ്ടി അമ്പലം പണിത് ആരാധകന്. തമിഴ്നാട് മധുരയിലെ തിരുമംഗലം സ്വദേശിയായ കാര്‍ത്തിക് ആണ് രജനീകാന്തിനായി വീടിനകത്ത് അമ്പലം നിര്‍മിച്ചത്. 250 കിലോ ഭാരമുള്ള രജനീകാന്തിന്റെ കരിങ്കല്‍ ശിലയില്‍ കൊത്തിയെടുത്ത പ്രതിമയാണ് സ്ഥാപിച്ചിരിക്കുന്നത്. നാമയ്ക്ക്ല്‍ ജില്ലയിലെ രാശിപുരത്ത് നിന്ന് പ്രത്യേകം പറഞ്ഞു ചെയ്യിച്ചതാണ് സൂപ്പര്‍സ്റ്റാറിന്റെ ഈ കരിങ്കല്‍ പ്രതിമ.
ഞങ്ങള്‍ക്ക് രജനീകാന്ത് ദൈവമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തോടുള്ള ബഹുമാനത്തിന്റെ സൂചനയായാണ് അമ്പലം പണിതതെന്ന് കാര്‍ത്തിക് വാര്‍ത്ത ഏജന്‍സിയായ എഎന്‍എയോട് പറഞ്ഞു. ഇഷ്ടതാരത്തിന് വേണ്ടി പാലഭിഷേകവും പ്രത്യേക പൂജയും ദീപാരാധനയും കാര്‍ത്തിക് തന്റെ അമ്പലത്തില്‍ നടത്തുന്നു. കാര്‍ത്തിക് പൂജ നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
അതേസമയം, ജയിലറിന്റെ വന്‍ വിജയത്തിന് ശേഷം സുപ്പര്‍ സ്റ്റാര്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തിന് ‘തലൈവര്‍ 170’ എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ‘ജയ്ഭീം’ എന്ന ചിത്രം ഒരുക്കിയ ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വമ്പന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അമിതാഭ് ബച്ചനും രജനികാന്തും 32 വര്‍ഷത്തിന് ശേഷം ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് തലൈവര്‍ 170. ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, റാണ ദഗുബാട്ടി, ദുഷാര വിജയന് തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക