യൂട്യൂബ് വീഡിയോയിലൂടെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പങ്കുവെക്കുകയും വൈൻ നിർമ്മിക്കുകയും ചെയ്തതിന് തൂതയിൽ യുവാവ് അറസ്റ്റിലായി. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിലെ തൂത സ്വദേശിയായ നെച്ചിക്കാട്ടിൽ സേതു എന്ന അക്ഷജിനെയാണ് ചെർപ്ലശ്ശേരി എക്സൈസ് സംഘം കഴിഞ്ഞദിവസം പിടികൂടിയത്.
യൂട്യൂബ് വീഡിയോ റെക്കോർഡ് ചെയ്യുന്നതിനായി ഇയാൾ ഉപയോഗിച്ച ക്യാമറ, ശബ്ദം റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ച നോയിസ് റിഡക്ഷൻ മൈക്ക്, വീഡിയോ എഡിറ്റ് ചെയ്യുന്നതിനും യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നതിനും റെക്കോർഡ് ചെയ്ത വീഡിയോകൾ, വീഡിയോ ഫൂട്ടേജുകളും മറ്റും സൂക്ഷിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ് എന്നിവയും എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്. അനധികൃതമായി സൂക്ഷിച്ച 20 ലിറ്റർ വാഷ് മിശ്രിതവും 5 ലിറ്റർ വൈനും എക്സൈസ് സംഘം പിടിച്ചെടുത്തു.
ചെർപ്പുളശ്ശേരി റൈഞ്ച് എക്സൈസ് ഇൻസ്പെക്ടറായ എസ് സമീറിന്റെ നേതൃത്വത്തിൽ പ്രിവെന്റ്റീവ് ഓഫീസർ കെ വസന്തകുമാർ, ഗ്രേഡ് പ്രിവന്റ്റീവ് ഓഫീസർമാരായ വി ജയദേവൻ ഉണ്ണി, എൻ ബദറുദ്ദീൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ആർ ഇന്ദ്രാണി, എക്സൈസ് ഡ്രൈവർ വിഷ്ണു തുടങ്ങിയവരാണ് റെയ്ഡിന് നേതൃത്വം നൽകിയത്. പ്രതിയെ ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക