ഒട്ടനവധി വൈവിധ്യമാർന്ന പരിപാടികളിലൂടെ ശ്രദ്ധയെ ആകർഷിച്ച ഒന്നാണ് സംസ്ഥാന സർക്കാർ കേരളപ്പിറവിയോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ സംഘടിപ്പിച്ച കേരളീയം. അതിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു ഫുഡ് ഫെസ്റ്റിവൽ.
വൈവിധ്യങ്ങളായ നിരവധി വിഭവങ്ങളാണ് ഫുഡ് ഫെസ്റ്റിവലിൽ ഉണ്ടായിരുന്നത്. അതിൽ എല്ലാവരുടെയും ഇഷ്ട വിഭവമായി മാറിയ ഒന്നായിരുന്നു അട്ടപ്പാടിയിലെ ഗോത്ര തനിമയോടെ എത്തിയ വന സുന്ദരി ചിക്കൻ. കുടുംബശ്രീയാണ് കേരളീയം വേദിയിൽ വനസുന്ദരി ചിക്കൻ അവതരിപ്പിച്ചത്. നിരവധി പച്ചക്കൂട്ടുകളാണ് ചിക്കന് രുചി വൈവിധ്യം സമ്മാനിച്ചത്. എങ്ങനെയാണ് വൈറലായ വനസുന്ദരി ചിക്കൻ വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ഇതിനായി ആദ്യം തന്നെ കുറച്ച് ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പച്ചക്കുരുമുളക്, മല്ലിയില, കാന്താരി മുളക്, കാട്ടുജീരകം, പുതിനയില, നാരങ്ങാ നീര് എന്നിവ അല്പം ഉപ്പു ചേർത്ത് നല്ലതുപോലെ അരച്ചെടുക്കണം. ചിക്കൻ അല്പം മഞ്ഞൾപൊടിയും കുരുമുളകും ഉപ്പും ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കണം.
വേവിച്ചെടുത്ത ചിക്കനിൽ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന പച്ചക്കൂട്ടുകൂടി ചേർത്ത് ഇടിച്ച് കൊത്തിയെടുക്കണം. ഇറച്ചിയെ നൂൽ പരുവത്തിൽ ആക്കിയെടുത്താൽ രുചികരമായ വനസുന്ദരി ചിക്കൻ തയ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക