സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് പാക്കിസ്ഥാനിൽ പാസ്പോർട്ട് അച്ചടി പ്രതിസന്ധിയിലാണ്. കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാസ്പോർട്ട് അച്ചടിക്കുന്നതിനുള്ള ലാമിനേഷൻ പേപ്പർ വാങ്ങാൻ ഭരണകൂടം ബുദ്ധിമുട്ടുകയാണ്.
പൗരന്മാർക്ക് പാസ്പോർട്ട് നൽകുന്നത് വൈകിയത് ലാമിനേഷൻ പേപ്പറിന് ക്ഷാമം നേരിട്ടതിനെ തുടർന്നാണ് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 3000 മുതൽ 4000 വരെ പാസ്പോർട്ടുകൾ ദിവസവും തയ്യാറാക്കിയിരുന്ന പാക്കിസ്ഥാൻ ഇപ്പോൾ 12 മുതൽ 13 വരെ പാസ്പോർട്ടുകൾ മാത്രമാണ് ഒരു ദിവസം തയ്യാറാക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെ തുടർന്ന് ഫ്രാൻസിൽ നിന്നും ലാമിനേഷൻ പേപ്പർ ഇറക്കുമതി ചെയ്തിരുന്നത് പാക്കിസ്ഥാൻ നിർത്തിയിരുന്നു. ഉടൻ തന്നെ പ്രതിസന്ധി നിയന്ത്രണ വിധേയമാക്കുമെന്നും സാമ്പത്തിക പ്രതിസന്ധിയും ലാമിനേഷൻ പേപ്പറുകളുടെ ലഭ്യതക്കുറവുമാണ് അച്ചടിയിലുണ്ടായ കാലതാമസത്തിന് കാരണം എന്നായിരുന്നു സർക്കാർ നൽകിയ വിശദീകരണം.
വിദ്യാർത്ഥികളും തൊഴിലാളികളും അടക്കം നിരവധി പേരാണ് പാസ്പോർട്ടുകൾക്ക് അപേക്ഷ നൽകി വിദേശത്ത് പോകാനായി കാത്തിരിക്കുന്നത്. ഉടൻ തന്നെ പാസ്പോർട്ട് ലഭ്യമാക്കും എന്ന് പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് കൃത്യമായ ഒരു വിവരം അപേക്ഷകർക്ക് ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക