കൊല്ലം: 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ അന്വേഷണ സംഘത്തിന് നിർണ്ണായ വിവരങ്ങൾ ലഭിച്ചുവെന്നാണ് സൂചന. ഫോൺ വിളിച്ചയാളുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ്. ഓയൂർ സ്വദേശി റജിയുടെ മകൾ അഭികേൽ സാറ റെജിയെയാണ് തട്ടിക്കൊണ്ട് പോയത്.
സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ അമ്മയെ 5 ലക്ഷം രൂപ ആവശ്യപ്പെട്ട് വിളിച്ചത് ഒരു സ്ത്രീയാണെന്നാണ് വിവരം.
കുട്ടിയുടെ അമ്മയ്ക്ക് ഫോൺ കോൾ വന്നത് പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണിൽ നിന്നാണ്. ഓട്ടോയിൽ വന്ന 2 അംഗ സംഘം തന്റെ ഫോൺ വാങ്ങി വിളിച്ചുവെന്നാണ് വ്യാപാരിയുടെ മൊഴി. ഓട്ടോയിൽ വന്നത് 2 പേരെന്ന് കട ഉടമ പറയുന്നു. സാധനങ്ങൾ വാങ്ങിയ അവർ ഓട്ടോയിൽ തന്നെ മടങ്ങി. 7 മണിയോടെ ആണ് രണ്ട് പേരും എത്തിയത്. വന്നവർ ബിസ്ക്കറ്റും റസ്കുമാണ് വാങ്ങിയതെന്നും വ്യാപാരി വ്യക്തമാക്കുന്നു.
ഓയൂർ കാറ്റാടിമുക്കിൽ വെച്ച് കാറിൽ എത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. KL 01 3176 എന്ന വാഹനം കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.
കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു. വിവരം ലഭിക്കുന്നവർ 112 എന്ന നമ്പറിൽ അറിയിക്കണം. കൊല്ലം- തിരുവനന്തപുരം ജില്ലാ അതിർത്തി കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.
സംഭവത്തിൽ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഊർജിതമായി പൊലീസ് അന്വേഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക