യുവതാരങ്ങളെ അണിനിരത്തി ‘ജാനേമൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.
ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, സലിംകുമാറിന്റെ മകൻ ചന്തു എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ചിദംബരം തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണിഎന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമായതുകൊണ്ട് തന്നെ നിരവധി തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ചിത്രത്തിന്റെ ചിത്രീകരണത്തിലേക്ക് അണിയറ പ്രവർത്തകർ കടന്നത്.
കൊടൈക്കനാലിൽ വിനോദയാത്രയുടെ ഭാഗമായി എത്തുന്ന കൊച്ചിയിൽ നിന്നുള്ള ഒരു സംഘം യുവാക്കൾക്ക് അവിടെ അഭിമുഖീകരിക്കേണ്ടിവരുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുവരുന്ന ചിത്രം 2024 ജനുവരിയിൽ തിയേറ്ററുകളിൽ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക