സ്ത്രീകൾക്കും കുട്ടികൾക്കും ബസ് യാത്രകളിൽ സുരക്ഷാ ഉറപ്പു നൽകുന്നതിനായി പുത്തൻ പദ്ധതിയുമായി എത്തിയിരിക്കുകയാണ് മലപ്പുറം ജില്ലാ പോലീസ്. ‘എയ്ഞ്ചൽ പോലീസ്’ എന്ന പേരിട്ടിരിക്കുന്ന പദ്ധതിയുമായി പൊതു ഗതാഗത സംവിധാനങ്ങളിൽ ഇനി സ്ത്രീകളോടും കുട്ടികളോടും സംവദിച്ച് വനിത പോലീസ് ഉദ്യോഗസ്ഥരും ഉണ്ടാകും.
യൂണിഫോമിലും മഫ്തിയിലുമായി വനിത പോലീസ് ഉദ്യോഗസ്ഥർ പൊതു ഗതാഗത സംവിധാനങ്ങളിൽ സ്ത്രീകളോടും കുട്ടികളോടും ഒപ്പം കൂടുന്ന പദ്ധതി മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരന്റെ നിർദ്ദേശപ്രകാരമാണ് നടപ്പിലാക്കുന്നത്.
തിങ്കളാഴ്ച പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ബസ്സുകളിൽ വനിതാ പോലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും സുരക്ഷാ ബോധവൽക്കരണം നൽകുകയും ചെയ്തു. യൂണിഫോമിലും മഫ്തിയിലുമായി പരിശോധന തുടരാനാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക