ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍. 2026-ഓടെ ആറ് പുതിയ മോഡലുകളാണ് നിസാന്‍ ഇന്ത്യയില്‍ എത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്. നിസാന്റെ ഫ്ളാഗ്ഷിപ്പ് മോഡല്‍ എക്സ്-ട്രയില്‍ നിരത്തിലെത്തിച്ചായിരിക്കും പുതിയ തുടക്കം ആരംഭിക്കുന്നത്.
താത്കാലിക രജിസ്ട്രേഷന് നമ്പറുമായി ചെന്നൈയിലെ നിരത്തുകളില്‍ എക്സ്-ട്രയില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തു വന്നിട്ടഉണ്ട്. വിദേശ നിരത്തുകളില്‍ എത്തിയിട്ടുള്ള പുതുതലമുറ എക്സ്-ട്രയിലാണ് പരീക്ഷണയോട്ടം നടത്തുന്നത്. 2024-ല്‍ തന്നെ എക്സ്-ട്രയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പുതിയ വിലയിരുത്തലുകള്‍.
പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തിച്ചായിരിക്കും എക്സ്-ട്രയിലിന്റെ വില്‍പ്പനയെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം നിസാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യക്കായി നിസാന്‍ ഒരുക്കുന്ന മൂന്ന് എസ്.യു.വികള്‍ പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. എക്സ്-ട്രയില്‍, കാഷ്കായ്, ജൂക്ക് എന്നീ മോഡലുകളാണ് ഇന്ത്യയില്‍ എത്തിക്കുമെന്ന് ഉറപ്പുനല്‍കി പ്രദര്‍ശിപ്പിച്ചത്. ഈ എസ്.യു.വികളുടെ സാധ്യത വിലയിരുത്തിയ ശേഷമായിരിക്കും ഈ വാഹനങ്ങള്‍ എത്തിക്കുക.
ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഒരുങ്ങുന്ന എക്സ്-ട്രയില്‍ കാഴ്ചയിലും ഏറെ സ്റ്റൈലിഷായ മോഡലാണ്. ക്രോമിയം ആവരണം നല്‍കിയിട്ടുള്ള നിസാന്‍ സിഗ്നേച്ചര്‍ വി ഷേപ്പ് ഗ്രില്ല്, എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന സ്പ്ലിറ്റ് ഹെഡ്ലാമ്പുകള്‍, എസ്.യു.വി. ഭാവം നല്കുന്ന ബമ്പര്‍, ഡയമണ്ട് കട്ട് അലോയി വീല്‍, റാപ്പ് എറൗണ്ട് ടെയ്ല്‍ലാമ്പ്, ഇരട്ട നിറത്തില്‍ ഒരുങ്ങിയിട്ടുള്ള റിയര്‍ ബമ്പര്‍ തുടങ്ങിയ ഫീച്ചറുകളാണ് എക്സ്-ട്രയില്‍ എസ്.യു.വിക്ക് മസ്കുലര്‍ ഭാവം പകരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക