ചരക്ക് വാഹനങ്ങളുടെ നിര കൂടുതല്‍ വിപുലമാക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. ഇതിന്റെ ഭാഗമായി ഇന്ട്രി വി70, വി20 ഗോള്‍ഡ് പിക്ക് അപ്പുകളും എയ്സ് എച്ച്.ടി.പ്ലസും വിപണിയില്‍ അവതരിപ്പിച്ചു. ഇവയ്ക്ക് പുറമെ ഇന്ട്രി വി50, എയ്സ് ഡീസല്‍ എന്നീ മോഡലുകളുടെ പരിഷ്കരിച്ച പതിപ്പും പുറത്തിറക്കിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ ചെലവില്‍ കൂടുതല്‍ ചരക്കുഗതാഗതം സാധ്യമാക്കുകയും, ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നേട്ടം ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ മോജലുകള് എത്തിയിട്ടുള്ളതെന്ന് ടാറ്റാ മോട്ടോഴ്സ്.
കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പാക്കിയാണ് പുതിയ മോഡലുകള്‍ എത്തിച്ചിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ടാറ്റയുടെ ഏറ്റവും ഉയര്‍ന്ന പേലോഡ് കപ്പാസിറ്റിയാണ് ഇന്‍ട്ര വി70-യുടെ മുഖമുദ്ര. ഇതിനൊപ്പം മികച്ച കാര്യക്ഷമതയും ഡ്രൈവബിലിറ്റിയും ഈ വാഹനത്തിന് ഉറപ്പാക്കുന്നുണ്ട്. വലിയ ലോഡ് ഏരിയ, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, കരുത്തുറ്റ എന്ജിന് എന്നിവയുടെ അകമ്പടിയോടെയാണ് ഈ വാഹനം എത്തിയിട്ടുള്ളത്. 9.7 അടി നീളമുള്ള ലോഡ് ബോഡിയാണ് ഇന്‍ട്ര വി70-യില്‍ നല്‍കിയിട്ടുള്ളത്. പുതുതലമുറ ഭാവത്തോടെ ക്യാബിന് ഒരുക്കിയിരിക്കുന്നതിനൊപ്പം 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്റെ കരുത്തുമുണ്ട്.
20 ലക്ഷം യൂണിറ്റുകള്‍ നിരത്തുകളില്‍ എത്തിച്ച് രാജ്യത്തെ ഏറ്റവും വിജയകരമായ വാണിജ്യ വാഹനമാണ് എയ്സ് എച്ച്.ടി. പ്ലസ് എന്നാണ് ടാറ്റ അവകാശപ്പെടുന്നത്. ഓള് ടെറൈന്‍ കപ്പാസിറ്റിക്കൊപ്പം സി.എന്‍.ജിയുടെ കരുത്തുമാണ് ഇന്‍ട്രാ വി20 ഉറപ്പാക്കുന്നത്. 1200 കിലോഗ്രാമിന്റെ പേലോഡ് കപ്പാസിറ്റിയാണ് ഈ വാഹനത്തില്‍ അധികമായി നല്‍കിയിട്ടുള്ളത്. മൂന്ന് സി.എന്‍.ജി. ടാങ്കുകള്‍ നല്‍കിയിട്ടുള്ള ഈ വാഹനം 800 കിലോമീറ്റര്‍ റേഞ്ചാണ് ഉറപ്പാക്കുന്നത്. അതുപോലെ വാണിജ്യവാഹന ഡീലര്‍ഷിപ്പുകളില്‍ പുതുതായി എത്തിയ മോഡലുകളുടെ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക