ചീര കൃഷി എല്ലായിപ്പോഴും ചെയ്യുന്ന ഒന്നാണെങ്കിലും ചീര കൃഷിയിൽ നിന്ന് ഏറ്റവും നല്ല വിളവ് കിട്ടുന്ന സമയം ജനുവരിയാണ്. സൂര്യപ്രകാശം നല്ലതുപോലെ കിട്ടുന്ന സ്ഥലം ആയിരിക്കണം ചീര കൃഷി ചെയ്യാനായി തെരഞ്ഞെടുക്കേണ്ടത്. മണ്ണ് നല്ലതുപോലെ ഇളക്കി മറിച്ചതിനു ശേഷം കട്ടകൾ നല്ലതുപോലെ ഉടച്ച് പൊടി രൂപത്തിൽ ആക്കി എടുക്കണം.
മണ്ണിന്റെ അമ്ലത കുറയ്ക്കുന്നതിനായി കുമ്മായം ചേർത്തു കൊടുക്കാം. 6 ഗ്രാം മുതൽ 8 ഗ്രാം വിത്തു കൊണ്ട് ഒരു സെന്റ് സ്ഥലത്ത് ചീര കൃഷി ചെയ്യാവുന്നതാണ്. എല്ലാ ഭാഗത്തും വിത്തുകൾ എത്തുന്നതിനായി മണലിൽ കൂട്ടിയതിനു ശേഷം വിതച്ചു കൊടുക്കാവുന്നതാണ്.
കേരള കാർഷിക സർവകലാശാലയുടെ അരുൺ( ചുവപ്പ്) മോഹിനി( പച്ച) എന്നിവയും തമിഴ്നാട് കാർഷിക സർവ്വകലാശാലയുടെ സി.ഒ -1, സി. ഒ -2, സി. ഒ -3 എന്നിവ മികച്ച ചീര ഇനങ്ങളാണ്. കൃഷി ചെയ്യുന്ന സമയത്ത് 200 കിലോഗ്രാം ചാണകവും കുറഞ്ഞ അളവിൽ കോഴി വളവും ഒരു സെന്റ് സ്ഥലത്തേക്ക് അടിവളമായി മണ്ണുമായി ചേർത്തു കൊടുക്കാം.
പിന്നീട് ആഴ്ചയിലൊരിക്കൽ മേൽവളമായി നേർപ്പിച്ച് എടുത്ത ഗോമൂത്രമോ നേർപ്പിച്ച് എടുത്ത ബയോഗ്യാസ് സ്ലറി എന്നിവയിൽ ഏതെങ്കിലും ഒന്ന് ഒഴിച്ചുകൊടുക്കാവുന്നതാണ്. ഒരു പരിധിവരെ പുതയിടുന്നത് കള നിയന്ത്രണത്തിന് സഹായിക്കും.
മഴക്കാലത്ത് നീർവാർച്ച ഉറപ്പാക്കേണ്ടതും വേനൽക്കാലത്ത് രാവിലെ നന്നായി നനച്ചു കൊടുക്കേണ്ടതും പ്രധാനമാണ്. ഇലപ്പുള്ളി രോഗത്തിൽനിന്ന് ചീരയെ രക്ഷിക്കുന്നതിന് നനയ്ക്കുമ്പോൾ വെള്ളം ഇലകളിൽ വീഴാതെ ശ്രദ്ധിക്കുന്നത് നല്ലതാണ്.
വിത്ത് പാകി 30 മുതൽ 35 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ഒന്നാണ് ചീര. രണ്ട് രീതിയിൽ വിളവെടുപ്പ് നടത്താവുന്നതാണ്. ഒന്നുകിൽ വേരോടുകൂടി പിഴുതെടുക്കാം. അല്ലെങ്കിൽ മുറിച്ച് വിളവ് എടുക്കാം. മൂന്നോ നാലോ തവണ ഡിസംബർ മുതൽ മെയ് മാസം വരെ കൃഷി ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക