ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പെരുമാറുന്നത് ആർഎസ്എസ് നിർദ്ദേശം അനുസരിച്ചാണ് എന്നും ഗവർണർ ശ്രമിക്കുന്നത് പ്രകോപനമുണ്ടാക്കാനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പത്തനംതിട്ടയിലെ നവ കേരള സദസ്സിനിടയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഗവർണറുടെ നിലപാടിനെതിരെ രൂക്ഷമായി പ്രതികരിച്ചത്.
ഗവർണർ എന്തൊക്കെയോ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് എന്നും മുൻപ് രാഷ്ട്രീയക്കാരൻ ആയിരുന്ന ഒരാൾ എങ്ങനെയാണ് ബ്ലഡി ക്രിമിനൽസ് എന്ന് വിളിക്കുന്നത് എന്നും ഗവർണറുടേത് വിവേകം ഇല്ലാത്ത നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരിംകൊടി പ്രതിഷേധക്കാരെ തിരികെ കൈവീശുകയാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പക്ഷേ ഗണ്മാനെകുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
ഗവർണർ സർവ്വകലാശാലയിൽ ആളുകളെ കണ്ടെത്തി നിയമിച്ചത് കേന്ദ്രത്തിന്റെ സഹായത്താലാണ് എന്നും ആർഎസ്എസിന്റെ നിർദ്ദേശമാണ് ഗവർണർ അനുസരിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധിക്കുന്നവർക്ക് എതിരെ രൂക്ഷമായ വാക്കുകൾ ഉപയോഗിച്ച് പരമാവധി പ്രകോപനം സൃഷ്ടിക്കുകയാണ് ഗവർണർ ചെയ്യുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക