തിരുവനന്തപുരം: തിരുവനന്തപുരത്ത് നവകേരളസദസ്സ് നടക്കുന്ന വേദിയിലും പരിസരപ്രദേശങ്ങളിലും ഡ്രോണുകളുടെ ഉപയോഗം നിരോധിച്ച് പോലീസ്. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന് ഐ.പി.എസ് സര്‍ക്കുലര്‍ ഇറക്കി. നവകേരള സദസ്സിന്റെ സുരക്ഷിതമായ നടത്തിപ്പ് കണക്കിലെടുത്താണ് ഡ്രോണിനും ഡ്രോണ്‍ ക്യാമറകള്‍ക്കും നിരോധനമെന്ന് ഉത്തരവില്‍ പറയുന്നു.
ഡ്രോണുകളുടെ അനധികൃത ഉപയോഗം പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വിഘാതമാവുമെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ഉത്തരവില്‍ പറയുന്നു. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വര്‍ക്കല, ആറ്റിങ്ങല്‍, മംഗലാപുരം, വെഞ്ഞാറമൂട്, നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട, നെയ്യാറ്റിന്‍കര, പാറശ്ശാല പോലീസ് സ്റ്റേഷന് പരിധികളില്‍ പരിപാടിയുടെ വേദിക്ക് ചുറ്റും 100 മീറ്റര്‍ പരിധിയിലും ഇവിടേക്കുള്ള വഴികളും താത്കാലിക റെഡ് സോണായി പ്രഖ്യാപിച്ചു. ഔദ്യോഗിക നിരീക്ഷണസംവിധാനങ്ങള്ക്കുള്ള ഡ്രോണും ഡ്രോണ്‍ ക്യാമറകളും മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക