കാലാവസ്ഥ സംബന്ധമായ പ്രശ്നങ്ങൾ കാരണം വിള നാശം ഉണ്ടായാൽ കർഷകന് സഹായകമാകുന്ന പദ്ധതിയാണ് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ്. ഈ പദ്ധതിയിൽ റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഡിസംബർ 31ന് അവസാനിക്കും.
നിരവധി കാർഷിക വിളകൾക്ക് ഈ പദ്ധതി പ്രകാരം ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. അതായത് തെങ്ങ്, റബ്ബർ, വാഴ, നെല്ല്, കവുങ്ങ്,കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഏലം, ഗ്രാമ്പൂ, കിഴങ്ങ് വർഗ്ഗങ്ങൾ, പച്ചക്കറി വിളകൾ തുടങ്ങി നിരവധി വിളകൾക്കാണ് ഈ പദ്ധതി പ്രകാരം പരിരക്ഷ ലഭിക്കുക.
സംസ്ഥാന സർക്കാറിന്റെ വിജ്ഞാപന പ്രകാരം കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ ഓരോ വിളക്കും വെവ്വേറെ പ്രതികൂല കാലാവസ്ഥാ ഘടകങ്ങളും അത് രേഖപ്പെടുത്തുന്ന കാലാവധിയും വിളയനുസരിച്ചുള്ള കാലാവസ്ഥയുടെ നിർണായക തോതും ടേം ഷീറ്റ് പ്രകാരം നിശ്ചയിച്ചിട്ടുണ്ട്.
വിജ്ഞാപനത്തിൽ ഓരോ വിജ്ഞാപന പ്രദേശത്തിനും നിശ്ചിത സൂചനാ കാലാവസ്ഥാനിലയവും സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇവയും ടേം ഷീറ്റും അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത്. ഓരോ വിളകൾക്കും വേണ്ട മുൻകരുതലുകൾ പാലിച്ച് ചെയ്യുന്ന കാർഷിക വിളകൾ ശക്തമായ കാറ്റ്, വെള്ളപ്പൊക്കം എന്നിവ മൂലം നഷ്ടപ്പെടുകയാണെങ്കിൽ ഈ പദ്ധതി പ്രകാരം ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
നാശനഷ്ടം ഉണ്ടായി 72 മണിക്കൂറിനകം കർഷകർ കൃഷിഭവൻ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കുകയാണെങ്കിൽ വിളയുടെ പ്രായത്തെ അടിസ്ഥാനമാക്കി വ്യക്തിഗത നാശനഷ്ടത്തിന് ജോയിന്റ് കമ്മിറ്റിയുടെ ഇൻസ്പെക്ഷൻ റിപ്പോർട്ട് പ്രകാരം നഷ്ടപരിഹാരം നിർണയിക്കും.
സി എസ് സി ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ വഴി കർഷകർക്ക് ഓൺലൈനായി പദ്ധതിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. നിശ്ചിത പ്രീമിയം തുക, ആധാറിന്റെ പകർപ്പ്, നികുതി രസീതിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, പാട്ടത്തിന് കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ട കരാറിന്റെ പകർപ്പ് എന്നിവ കൂടി പൂരിപ്പിച്ച അപേക്ഷയോടൊപ്പം സമർപ്പിക്കണം. ബാങ്കുകൾക്ക് വിജ്ഞാപിത വിളകൾക്ക് വായ്പയെടുത്ത് കർഷകരെ പദ്ധതിയിൽ ചേർക്കാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക