സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാർഥികൾക്ക് പുതുവത്സര സമ്മാനമായി 5000 രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. 36.55 ലക്ഷം രൂപയാണ് ഭിന്നശേഷി വിദ്യാർഥികൾക്ക് നൽകുന്നതിനായി അനുവദിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് 2023 മാർച്ചിൽ നടന്ന എസ്എസ്എൽസി /പ്ലസ് ടു( സ്റ്റേറ്റ്, സിബിഎസ്ഇ, ഐ സി എസ് സി) പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച 731 ഭിന്നശേഷി വിദ്യാർഥികൾക്ക് സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മാനദണ്ഡങ്ങൾ പ്രകാരം 5000 രൂപ വീതം ലഭിക്കും.
എസ്എസ്എൽസി ജനറൽ വിഭാഗത്തിലെ 176 പേർക്കും എസ്എസ്എൽസി ഭൗതിക വെല്ലുവിളികൾ നേരിടുന്ന വിഭാഗത്തിലെ 242 പേർക്കും പ്ലസ് ടു ജനറൽ വിഭാഗത്തിലെ 167 പേർക്കും പ്ലസ് ടു ഭൗതിക വെല്ലുവിളികൾ നേരിടുന്ന വിഭാഗത്തിലെ 146 പേർക്കുമായി ആകെ 731 വിദ്യാർത്ഥികൾക്ക് അവാർഡ് തുക ലഭിക്കും.
പൊതു വിഭാഗത്തിൽ ബി ഗ്രേഡ് അല്ലെങ്കിൽ അതിൽ കൂടുതൽ ഗ്രേഡ് നേടിയവർക്കും ഭൗതിക വെല്ലുവിളികൾ നേരിടുന്ന വിഭാഗത്തിലെ പാസായവർക്കും പ്രൊഫിഷൻസി അവാർഡ് ഇനത്തിൽ നൽകുന്ന തുക വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്തിട്ടുണ്ട് എന്ന് മന്ത്രി അറിയിച്ചു.
ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 0471-2347768,9497281896 എന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്നും പ്രൊഫിഷൻസി അവാർഡിന് അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ www.hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക