അഞ്ചാം പാതിര എന്ന ചിത്രത്തിനുശേഷം മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ‘അബ്രഹാം ഒസ്ലർ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജയറാമിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന ചിത്രം 2024 ജനുവരി 11ന് തിയേറ്ററുകളിൽ എത്തും.
മെഡിക്കൽ ത്രില്ലർ ജോണറിൽ ഉൾപ്പെടുന്ന ചിത്രം നിറയെ ദുരൂഹതകളും സസ്പെൻസും നിറഞ്ഞതാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഏറെ ദുരൂഹതകൾ നിറഞ്ഞ ഒരു മരണത്തിന്റെ അന്വേഷണവുമായി എത്തുന്ന അബ്രഹാം ഒസ്ലർ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് ജയറാം ചിത്രത്തിൽ വേഷമിടുന്നത്.
അദ്ദേഹത്തിന്റെ കരിയറിലെ വ്യത്യസ്തമായ ഒരു കഥാപാത്രം ആയിരിക്കും ഇതെന്നാണ് അണിയറ പ്രവർത്തകർ അഭിപ്രായപ്പെടുന്നത്. ജയറാമിനെ കൂടാതെ അർജുൻ അശോകൻ, സൈജു കുറുപ്പ്, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം തുടങ്ങിയവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് മിഥുൻ മുകുന്ദ് ആണ്. ആൻ മെഗാ മീഡിയ പ്രദർശനത്തിന് എത്തിക്കുന്ന ചിത്രം നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം ഹസ്സനും മിഥുൻ മാനുവൽ തോമസും ചേർന്നാണ് നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക