വൈറ്റമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയ ഒന്നാണ് നെല്ലിക്ക. ഇത് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ സഹായകവുമാണ്.
ഈ നെല്ലിക്ക തേന്‍ നെല്ലിക്കയാക്കി കഴിച്ചാൽ കരളിന് വളരെയധികം ഗുണം ചെയ്യും. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാനും ഇവ സഹായിക്കും. ബൈല്‍ പിഗ്മെന്റ് നീക്കുകയും വിഷാംശം കളയുകയും ചെയ്യും എന്നതാണ് ഇതിന് കാരണം.
അതുപോലെതന്നെ ചെറുപ്പം നില നിര്‍ത്താന്‍ ഏറെ നല്ലതാണ് തേന്‍ നെല്ലിക്ക. മുഖത്ത് ചുളിവുകള്‍ വരുന്നത് തടയുകയും ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യുന്നു. ആസ്ത്മ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത് ഏറെ ഗുണകരമാണ്.
ഈ തേൻ നെല്ലിക്ക എങ്ങനെ ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ചേരുവകൾ
നെല്ലിക്ക – 250 ഗ്രാം
തേൻ – 2 ടേബിൾ സ്പൂൺ
ശർക്കര – 250 ഗ്രാം
കറുവാപ്പട്ട -1 കഷണം
ഏലയ്ക്കായ – 1
കുരുമുളക് – 10 എണ്ണം
കരയാമ്പൂ – 2
ഉപ്പ് – 1 നുള്ള്
തയ്യാറാക്കുന്ന വിധം
നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് ഇട്ട് നല്ല ചൂടുവെള്ളം ഒഴിക്കുക. അഞ്ചുമിനിറ്റ് മാറ്റിവയ്ക്കുക. ശർക്കര ഒരു കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചു വയ്ക്കുക.
നെല്ലിക്ക വെള്ളത്തിൽ നിന്ന് മാറ്റി നന്നായി തുടച്ചെടുക്കുക. നെല്ലിക്കാ ഒരു ഫോർക്കോ കത്തിയുടെ തുമ്പോ ഉപയോഗിച്ച് എല്ലാഭാഗത്തും കുത്തുക. ഇത് ഒരു പാനിൽ അടുപ്പത്തുവെച്ച് ശർക്കരപ്പാനി ഒഴിക്കുക.
മസാലകൾ എല്ലാം ചതച്ചെടുത്ത് അതിൽ ഇടുക. മീഡിയം തീയിൽ നന്നായി തിളപ്പിക്കുക. നെല്ലിക്കയിൽ നിന്ന് വെള്ളം ഇറങ്ങുന്നത് കാണാം.
ഒരു മൂടി കൊണ്ട് പാത്രം മൂടിവയ്ക്കുക .ഇടക്കിടെ തുറന്നു ഇളക്കിക്കൊണ്ടിരിക്കണം. ഏകദേശം 45 മിനിറ്റ് വേവിക്കണം. നൂൽ പരുവം ആകുന്നതിനു മുൻപ് തീ ഓഫ് ചെയ്യാം.
പകുതി ചൂടാറുമ്പോൾ ഒരു കുപ്പിയിലേക്ക് മാറ്റുക. രണ്ട് ടേബിൾസ്പൂൺ തേൻ ഒഴിച്ച് നന്നായി യോജിപ്പിക്കുക. മുഴുവൻ ചൂടാറിയാൽ കുപ്പി അടച്ചു വയ്ക്കാം .വേണമെങ്കിൽ ഉടനെ തന്നെ കഴിച്ചു തുടങ്ങാം. പത്തു ദിവസത്തോളം ചെറുതായി കുപ്പി ഇളക്കിക്കൊടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക