സംസ്ഥാനത്തെ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള 2022- 23 വർഷത്തെ സംസ്ഥാന ജില്ലാ സ്വരാജ് ട്രോഫികൾ പ്രഖ്യാപിച്ചു. മികച്ച ജില്ലാ പഞ്ചായത്തായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനെ തിരഞ്ഞെടുത്തു. കൊല്ലം ജില്ലാ പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം ലഭിച്ചത്. ഒന്നാം സ്ഥാനം ലഭിച്ച തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് 50 ലക്ഷം രൂപയും രണ്ടാം സമ്മാനം ലഭിച്ച കൊല്ലം ജില്ലാ പഞ്ചായത്തിന് 40 ലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുക.
മികച്ച ബ്ലോക്ക് പഞ്ചായത്തായി കാസർകോട് ജില്ലയിലെ നീലേശ്വരവും മലപ്പുറം ജില്ലയിലെ പെരുമ്പടപ്പും കോട്ടയം ജില്ലയിലെ വൈക്കം ബ്ലോക്ക് പഞ്ചായത്തും തിരഞ്ഞെടുക്കപ്പെട്ടു. ഇവർക്ക് ലഭിക്കുന്ന സമ്മാനത്തുകയായ 40 ലക്ഷം രൂപ മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളും കൂടി പങ്കിടും.
കാസർകോട് ജില്ലയിലെ വലിയപറമ്പ് ഗ്രാമപഞ്ചായത്താണ് ഗ്രാമപഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആലപ്പുഴ ജില്ലയിലെ മുട്ടാർ, കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളി എന്നീ ഗ്രാമപഞ്ചായത്തുകൾ ആണ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്.
ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വലിയപറമ്പ് ഗ്രാമപഞ്ചായത്തിന് 50 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ മുട്ടാർ’ മരങ്ങാട്ടുപിള്ളി പഞ്ചായത്തുകൾക്ക് യഥാക്രമം 40 ലക്ഷം രൂപയും 30 ലക്ഷം രൂപയും ആണ് അവാർഡ് തുകയായി ലഭിക്കുക. ഗുരുവായൂർ നഗരസഭയാണ് നഗരസഭകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 50 ലക്ഷം രൂപയാണ് ഇവർക്ക് അവാർഡ് തുകയായി ലഭിക്കുക. ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വടക്കാഞ്ചേരി, ആന്തൂർ നഗരസഭകൾക്ക് യഥാക്രമം 40 ലക്ഷം രൂപയും 30 ലക്ഷം രൂപയും അവാർഡ് തുകയായി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക