ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കും ബോളിവുഡ് താരം അനുഷ്ക ശർമ്മയ്ക്കും രണ്ടാമത്തെ കുട്ടി പിറന്നു. ‘അകായ്’ എന്നാണ് കുഞ്ഞിന് പേര് നൽകിയിട്ടുള്ളത്.
‘വാമികയുടെ കുഞ്ഞ് സഹോദരനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നു’ എന്ന സന്തോഷ വാർത്ത വിരാട് കോഹ്ലി തന്നെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്.
‘‘ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഈ നിമിഷത്തിൽ നിങ്ങളുടെ ആശംസകളും ആശീർവാദവും ഞങ്ങൾക്കുണ്ടാകണം. ഈ ഘട്ടത്തിൽ ഞങ്ങളുടെ സ്വകാര്യതയെ ഏവരും മാനിക്കണമെന്നും വിനയത്തോടെ അഭ്യർഥിക്കുന്നു. എല്ലാവരോടും സ്നേഹവും നന്ദിയും. വിരാട് ആൻഡ് അനുഷ്ക” – കോഹ്ലി കുറിച്ചു.
https://www.instagram.com/p/C3kvKa5Nr6m/
വ്യക്തിപരമായ കാരണങ്ങളാൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിൽനിന്ന് കോഹ്ലി വിട്ടുനിൽക്കുന്നുവെന്ന് ബിസിസിഐ അറിയിച്ചതിന് പിന്നാലെ രണ്ടാമത്തെ കുട്ടിയ്ക്കായി താര ദമ്പതികൾ കാത്തിരിക്കുന്നുവെന്ന വാർത്തകൾ സജീവമായിരുന്നു.
ഈ സമയത്താണ് കോഹ്ലി – അനുഷ്ക ദമ്പതികൾ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് ദക്ഷിണാഫ്രിക്കൻ മുൻ താരവും ബംഗളൂരു റോയൽ ചലഞ്ചേഴ്സിലെ മുൻ സഹതാരവുമായിരുന്നു എ ബി ഡിവില്ലിയേഴ്സ് വെളിപ്പെടുത്തുന്നത്. പിന്നാലെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകലോകം.
‘അനുഷ്കയും തന്റെ നല്ല സുഹൃത്തായ കോഹ്ലിയും ഈ വർഷം അവരുടെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നുവെന്നാണ്’ തന്റെ യൂട്യൂബ് ചാനലിൽ ഡിവില്ലിയേഴ്സ് വെളിപ്പെടുത്തിയത്.
2017ലാണ് വിരാട് കോഹ്ലിയും അനുഷ്ക ശർമയും വിവാഹിതരായത്. 2021 ജനുവരി ഒന്നിന് കോലി – അനുഷ്ക ദമ്പതികൾക്ക് ആദ്യത്തെ കുഞ്ഞ് പിറന്നു. മൂത്ത പെൺകുഞ്ഞിന് ഇരുവരും വാമിക എന്നാണ് പേരു നൽകിയത്. മൂത്ത കുഞ്ഞിന്റെ മൂന്നാം ജന്മദിനം ആഘോഷിച്ചതിനു തൊട്ടുപിന്നാലെയാണ് വാമികയുടെ ഇളയ സഹോദരന്റെ പിറവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക