തോറ്റു തുടങ്ങി കേരള സ്ട്രൈക്കേഴ്സ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ആദ്യ മത്സരത്തിൽ കേരള സ്ട്രൈക്കേഴ്സ് മുംബൈ ടീമിനോട് പൊരുതിത്തോറ്റു. കഴിഞ്ഞ ദിവസമാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പത്താം പതിപ്പിന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആരംഭം കുറിച്ചത്.
റിതേഷ് ദേശ്മുഖ് നയിക്കുന്ന മുംബൈ ഹീറോസും ഇന്ദ്രജിത്ത് സുകുമാരൻ നയിക്കുന്ന കേരള സ്ട്രൈക്കേഴ്സും തമ്മിലായിരുന്നു ആദ്യം മത്സരം നടന്നത്. ടെസ്റ്റ് ക്രിക്കറ്റ് മോഡലിൽ ഒരു ടീമിന് 10 ഓവറിന്റെ ഒരു ഇന്നിംഗ്സ് എന്ന നിലയിൽ നടന്ന ആവേശകരമായ മത്സരത്തിൽ കേരളം 9 റണ്ണിനാണ് തോൽവിയറിഞ്ഞത്.
ആദ്യം ബാറ്റ് ചെയ്തത് മുംബൈ ഹീറോസ് ആണ്. 10 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 76 റൺസ് ആണ് മുംബൈ ഹീറോസ് നേടിയത്. 19 പന്തിൽ നിന്ന് 23 റൺസ് നേടി ടോപ്പ് സ്കോററായി മുംബൈയുടെ നവദീപ് മാറി. 15 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി കേരളത്തിന്റെ അർജ്ജുനും മത്സരത്തിൽ തിളങ്ങി.
ആദ്യ ഇന്നിംഗ്സിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് ആണ് കേരളം നേടിയത്. ഇരുപത്തിരണ്ട് പന്തിൽ നിന്ന് 33 റൺസ് അർജുൻ നേടിയെടുത്തു. പിന്നീട് നടന്ന രണ്ടാം ഇന്നിംഗ്സിൽ മുംബൈ മികച്ച കളി പുറത്തെടുത്തതോടെ 10 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് നേടാനായി. 20 പന്തിൽ നിന്നും 37 റൺസ് ആണ് മുംബൈക്കായി നവദീപ് നേടിയത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരള സ്ട്രൈക്കേഴ്സ്ന് 10 ഓവറിൽ ജയിക്കണമെങ്കിൽ 92 റൺസ് നേടണം ആയിരുന്നു. പക്ഷേ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കൈവരിക്കാൻ 9 റൺസ് ബാക്കിനിൽക്കെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ആകെ 83 റൺസ് ആണ് കേരള സ്ട്രൈക്കേഴ്സ് നേടിയത്. മാൻ ഓഫ് ദി മാച്ച് ആയി മുംബൈയുടെ നവദീപ്തെരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിന്റെ അടുത്ത മത്സരം നാളെ ബംഗാൾ ടൈഗേർസുമായി നാളെ ഷാർജയിൽ വച്ച് നടക്കും. ബംഗളുരുവിലും ഹൈദരാബാദിലും തിരുവനന്തപുരത്തുമാണ് തുടർന്നുള്ള മത്സരങ്ങൾ. വിശാഖപട്ടണത്ത് വെച്ചാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഫൈനൽ മത്സരങ്ങൾ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക