ചരിത്രം കുറിച്ച് മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’. മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ എന്ന ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടി. ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം 2024 ഫെബ്രുവരി 15നാണ് തിയറ്ററുകളിലെത്തിയത്.
ഹൊറർ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ‘കൊടുമൺ പോറ്റി’ എന്ന ദുഷ്ട കഥാപാത്രമായി മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നു. 11 ദിവസം കൊണ്ടാണ് ആഗോളതലത്തിൽ 50 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന ആദ്യ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം എന്ന ബഹുമതി ബ്രമയുഗം ‘ഭ്രമയുഗം’ സ്വന്തമാക്കിയത്.
ഇന്ത്യയിൽ നിന്നുമാത്രം 19 കോടി രൂപയാണ് ‘ഭ്രമയുഗം’ കളക്ഷൻ ആയി നേടിയത്. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും പ്രദർശനത്തിനെത്തിയ ചിത്രം അവിടങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.
‘കൊടുമൺ പോറ്റി’ എന്ന കഥാപാത്രത്തിന്റെ നിഗൂഢതകളും മാന്ത്രികതയും ആണ് സിനിമയുടെ പശ്ചാത്തലമാകുന്നത്. മമ്മൂട്ടിയെ കൂടാതെ സിദ്ധാർഥ് ഭരതൻ,അർജുൻ അശോകൻ, അമാൽഡ ലിസ്, മണികണ്ഠൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം ‘ഭൂതകാലം’ എന്ന ചിത്രത്തിനുശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. ഹൊറർ ത്രില്ലർ ചിത്രങ്ങൾക്ക് മാത്രമായി ആരംഭിച്ച പ്രൊഡക്ഷൻ ഹൗസ് ആയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘ഭ്രമയുഗം’.
പ്രതികരിക്കാൻ ഇവിടെ എഴുതുക