ഫലപുഷ്ടമായ മണ്ണാണ് ചെടിയുടെ വളർച്ചയ്ക്ക് വേണ്ട പ്രധാന ഘടകം. ചെടിയിൽ നിന്ന് കൂടുതൽ കായ് ഫലം ലഭ്യമാകാനും ഇവയുടെ രോഗപ്രതിരോധശേഷി വർധിക്കുവാനും തൈ നടുമ്പോൾ തന്നെ ചില പൊടികൈകൾ നാം ചേർക്കേണ്ടതുണ്ട്. ഇത്തരത്തിൽ ഏറ്റവും ചെലവ് കുറഞ്ഞ രീതിയാണ് ‘മുട്ടത്തോട്’.
95 ശതമാനം കാല്‍സ്യം കാര്‍ബണേറ്റും 0.3 ശതമാനം ഫോസ്ഫറസും അത്രതന്നെ അളവില്‍ മഗ്നീഷ്യവും കൂടാതെ സോഡിയം, പൊട്ടാസ്യം, സിങ്ക്, അയേണ്‍, കോപ്പര്‍ എന്നിവയും അടങ്ങിയ പോഷകങ്ങളുടെ കലവറയാണ് മുട്ടത്തോട്.
മുട്ടത്തോട് മാത്രമല്ല മുട്ട മുഴുവനായും നമുക്ക് വളമായി ഉപയോഗപ്പെടുത്താം.ജൈവവളമായി ഉപയോഗിക്കുന്നതിൽ ഏറ്റവും ചെലവ് കുറഞ്ഞ രീതിയാണിത്.
കോഴിമുട്ടയിൽ ചെറിയൊരു ദ്വാരം ഉണ്ടാക്കി അതേപോലെ തന്നെ ഗ്രോ ബാഗിലോ ചെടിച്ചട്ടിയിലോ കുഴിച്ചിട്ടതിനു ശേഷം അതിനു മുകളിൽ പച്ചക്കറിതൈയോ പൂച്ചെടിയോ വച്ച് പിടിപ്പിക്കുക. കോഴിമുട്ട മൂന്നാഴ്ചക്കു ശേഷം തനിയെ കംബോസ്ട് ആയി മാറിക്കോളും. ഇതിലെ എല്ലാ ഘടകങ്ങളും ചെടി വലിച്ചെടുത്തു ഫലം തരുന്ന കാഴ്ച നിങ്ങൾക്ക് കാണാനാവും.
കോഴിമുട്ടത്തോട് മിക്സിയിൽ നന്നായി പൊടിച്ചെടുത്തു പൗഡർ രൂപത്തിൽ ആക്കുകയോ, വെള്ളം ചേർത്ത് ലായിനിയാക്കിയോ ചെടിയുടെ താഴെ നമുക്ക് ഉപയോഗിക്കാവുന്നതാണ്. തക്കാളി, വഴുതന തുടങ്ങിയ പച്ചക്കറികളിൽ കാണുന്ന വാട്ടരോഗം, ഇലമഞ്ഞളിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ രീതി ഗുണപ്രദമാണ്.
റോസാ പൂച്ചെടിയിൽ നിന്ന് ധാരാളം പൂക്കൾ ലഭ്യമാകാനും ഈ രീതി ഫലപ്രദമാണ്. ചെടിയുടെ വളർച്ചയുടെ ആദ്യ ഘട്ടത്തിൽ തന്നെ ഈ രീതി അവലംബിച്ചു തുടങ്ങാം. പോർട്ടിങ് മിശ്രിതം തയാറാക്കുമ്പോൾ ഒരു ചെടിക്ക് 1-4 മുട്ടത്തോട് ഇട്ടു കൊടുക്കാം.
5 കോഴിമുട്ടത്തോട് ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിക്കുക. ഒരു ദിവസം മുഴുവനായും ചൂടാറാൻ വെക്കുക. പിറ്റേ ദിവസം ഈ മിശ്രിതം മണ്ണിലേക്ക് വേര് തൊടാതെ ഒഴിച്ച് കൊടുക്കുകയോ ചെടിയിൽ സ്പ്രേ ചെയ്യുകയോ ചെയ്താൽ കൂടുതൽ കായ് ഫലം ലഭ്യമാകും. പൂച്ചെടിയാണെങ്കിൽ കൂടുതൽ പൂക്കൾ ലഭിക്കുകയും ചെയ്യും.
രണ്ടു മുട്ടത്തോടും ഒരു നേന്ത്രപ്പഴത്തൊലിയും മൂന്ന് ടീസ്പൂൺ ചായയില വേസ്റ്റും മിക്സിയിൽ നന്നായി അരച്ച് ചേർത്ത് എടുക്കുക. ഈ മിശ്രിതം ഗ്രോ ബാഗിന്റെ അരികിലായി ഒഴിച്ച് കൊടുത്താൽ കൂടുതൽ വിളവ് ലഭിക്കും. എല്ലാ മാസവും ഇങ്ങനെ ചെയ്യാം. ഏതു വളപ്രയോഗം ചെയ്യുന്നതിന് മുൻപും മണ്ണ് നനച്ചു കൊടുക്കണം.
അടുക്കളയിൽ വേസ്റ്റ് ആയി വരുന്ന പഴത്തിന്റെ തൊലികളും മുട്ടത്തോടുകളും സാധാരണ വെള്ളത്തിൽ ഇട്ട് നന്നായി ഇളക്കി നാലു ദിവസം മാറ്റി വെക്കുക. ഇതിനു ശേഷം ഈ മിശ്രിതം ചെടികളുടെ താഴെ ഒഴിച്ച് കൊടുത്താൽ ഇരട്ടി വിളവാണ് ഫലം.
മുട്ടത്തോടും ഏതെങ്കിലും പഴത്തിന്റെ തൊലിയും കഞ്ഞിവെള്ളത്തിൽ ഇട്ട് അടിച്ചു ചെടിയുടെ താഴെ ഉപയോഗിച്ചാൽ മണ്ണ് കൂടുതൽ ഫലപുഷ്ടമാകും. നേന്ത്രപഴത്തിന്റെ തൊലിയാണ് വളപ്രയോഗത്തിനു ഏറെ നല്ലത്. ഇതിന്റെ തൊലിയിൽ ധാരാളമായി പൊട്ടാസ്യം അടങ്ങിയിരിക്കുന്നു.
നന്നായി പൊടിച്ച മുട്ടത്തോട് ചെടികളിൽ വിതറിയാൽ ഒച്ചുകളെയും പ്രാണികളെയും മറ്റു കീടങ്ങളെയും തുരത്താൻ സാധിക്കും. കോഴിമുട്ടയുടെ തോട് കൊണ്ട് വളപ്രയോഗം മാത്രമല്ല വിത്ത് മുളപ്പിക്കാനും ഏറെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക