2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിറ്റിംഗ് എംപിമാരുടെ പട്ടിക നൽകി കെപിസിസി. കെപിസിസി നൽകിയ പട്ടികയിൽ വയനാട്ടിൽ നിന്ന് രാഹുൽഗാന്ധിയുടെയും കണ്ണൂരിൽ നിന്ന് കെ സുധാകരന്റെയും പേരുകൾ ഇടം പിടിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ ഇടതുപക്ഷം ഉയർത്തുന്ന എതിർപ്പ് കാര്യമാക്കേണ്ട നിലപാടിലാണ് കോൺഗ്രസ്.
സംസ്ഥാന സിറ്റിംഗ് സീറ്റുകളിൽ സിറ്റിംഗ് എംപിമാർ മത്സരിക്കണം എന്ന നിലപാടിലാണ് നേതൃത്വവും. ആലപ്പുഴ ഒഴികെയുള്ള ലോക്സഭാ മണ്ഡലങ്ങളുടെ പട്ടികയാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. വയനാട്, ആലപ്പുഴ, കണ്ണൂർ സീറ്റുകളിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.
ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായ സിപിഐക്കെതിരെ രാഹുൽഗാന്ധി മത്സരിക്കുന്നതിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്ന പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയാണ് വയനാട്ടിൽ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ അഭിപ്രായം പറയേണ്ടത്. ഏതായാലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൂടിയാലോചനകൾക്ക് ശേഷമാകും തീരുമാനിക്കുക.
രാഹുൽ മത്സരിക്കുമെന്ന് ആത്മവിശ്വാസത്തിലുള്ള നേതൃത്വം രാഹുൽ മത്സരിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടിലാണ്. കണ്ണൂരിൽ സുധാകരൻ മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വവും നിർദ്ദേശിച്ചിട്ടുണ്ട്. സുധാകരൻ മത്സരരംഗത്ത് ഉണ്ടാകുമെന്നും ഇല്ലെന്നും തരത്തിലുള്ള പ്രചാരണവും നടക്കുന്നുണ്ട്. കെ സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കാൻ തയ്യാറാണെങ്കിലും ഹൈക്കമാൻഡ് പക്ഷേ ഇതുവരെയും അതിന് അനുമതി നൽകിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക