നിരവധി ചിത്രങ്ങളിൽ സഹതാരമായും കോമഡി കഥാപാത്രമായും പ്രത്യക്ഷപ്പെട്ട സുബീഷ് സുബിയെ കേന്ദ്ര കഥാപാത്രം ആക്കി ടിവി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ഒരു ഭാരതസർക്കാർ ഉത്പന്നം’ എന്ന ചിത്രത്തിന്റെ പേരു മാറ്റി സെൻസർ ബോർഡ്. ‘ഒരു ഭാരത് സർക്കാർ ഉൽപ്പന്നം’ എന്ന ചിത്രത്തിന്റെ പേര് ‘ഒരു സർക്കാർ ഉൽപ്പന്നം’ എന്നാക്കി മാറ്റുകയാണ് സെൻസർ ബോർഡ് ചെയ്തത്.
സുബീഷ് സുബി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഷെല്ലി, ഗൗരി ജി കിഷൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പേര് മാറ്റിയതിനെത്തുടർന്ന് വലിയ പ്രതിഷേധം അണിയറ പ്രവർത്തകർ അറിയിച്ചുവെങ്കിലും സെൻസർ ബോർഡ് നിർദ്ദേശത്തെ തുടർന്ന് ചിത്രത്തിന്റെ പേര് മാറ്റുകയായിരുന്നു.
പേര് മാറ്റാതെ സെൻസർ സർട്ടിഫിക്കറ്റ് നൽകാനാകില്ല എന്ന് സെൻസർ ബോർഡ് അണിയറ പ്രവർത്തകരെ അറിയിച്ചതിനെത്തുടർന്നാണ് പേര് മാറ്റുന്നതിന് അണിയറ പ്രവർത്തകർ തീരുമാനിച്ചത്. പുരുഷ വന്ധ്യംകരണം പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ഫൺ ഫാമിലി എന്റർടൈനർ വിഭാഗത്തിലാണ് ഒരുക്കിയിരിക്കുന്നത്. സർക്കാർ നടത്തുന്ന പുരുഷ വന്ധ്യംകരണം പദ്ധതി മൂലം ഒരു കുടുംബത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളും മറ്റും നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക