പ്രേമലുവിന് ശേഷം മറ്റ് ഭാഷകളിൽ ചർച്ചയായി മാറിയ സിനിമയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. കേരളത്തിന് പുറമെ, തമിഴ്നാട്ടിലും ചിത്രത്തിന് വൻ സ്വീകാര്യത നേടിയിരുന്നു.
ഇപ്പോഴിതാ, ചിത്രം മറ്റൊരു ഭാഷയിൽ മൊഴിമാറ്റപ്പെടുമെന്ന വാർത്തയാണ് പുറത്ത് വരുന്നത്. മഞ്ഞുമ്മൽ ബോയ്സ് തെലുങ്കിലേക്കാണ് മൊഴിമാറ്റുന്നത്.
ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ചിത്രം ഉടൻ റിലീസിനെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം സംവിധായകൻ ചിദംബരം തന്നെയാണ് അറിയിച്ചത്.
ഒരു തമിഴ് യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുന്ന കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് 15 ന് തെലുങ്ക് പതിപ്പ് തിയേറ്ററുകളിലെത്തും.
ചിത്രം ബോക്സോഫീസിൽ വൻ ഹിറ്റായി മുന്നേറുകയാണ്. ആഗോള ബോക്സോഫീസിൽ ഹിറ്റടിക്കുമ്പോൾ തമിഴിൽ ഇതുവരെ മറ്റൊരു മലയാള സിനിമയ്ക്കും ലഭിക്കാത്ത സ്വീകാര്യത മഞ്ഞുമ്മൽ ബോയ്സിനുണ്ട്.
തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ഷോകളും ടിക്കറ്റ് വില്പനയും നേടിയ മലയാള സിനിമയും മഞ്ഞുമ്മൽ ബോയ്സാണ്.
മഞ്ഞുമ്മല്‍ ബോയ്സ് ചിദംബരമാണ് സംവിധാനം ചെയ്തിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, വിഷ്ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുശിന്‍ ശ്യാം ആണ് ചിത്രത്തിന്റെ സംഗീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക