മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് യൂട്യൂബറെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നീ സമൂഹ മാധ്യമങ്ങളിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്തതിനാണ് ‘ഫുഡി ഷെഫ്’ എന്ന പേരിലെ യൂട്യൂബ് ചാനൽ ഉടമയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം ശ്യാംനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ‘ഫുഡി ഷെഫ്’ എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന അഴീക്കോട് സ്വദേശിയായ വാലത്തറ വീട്ടിൽ നിതിനെ അറസ്റ്റ് ചെയ്തത്.
ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് തെറ്റാണെന്ന് അറിയില്ലായിരുന്നു എന്ന് നിതിൻ എക്സൈസ് സംഘത്തോട് പറഞ്ഞു. നിയമ വിരുദ്ധമായി പോസ്റ്റ് ചെയ്ത വീഡിയോകൾ ഇയാളുടെ അക്കൗണ്ടിൽ നിന്നും എക്സൈസ് സംഘം നീക്കം ചെയ്യിപ്പിക്കുകയും ചെയ്തു.
നിയമ പരിജ്ഞാനം ഇല്ലാത്തതിനാൽ യുവാക്കൾ സമാന തരത്തിൽ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് എക്സൈസ് സംഘം നിരീക്ഷിക്കുന്നുണ്ട് എന്നും അവർക്കെതിരെ നിയമ നടപടികൾ ഉണ്ടാകുമെന്നും എക്സൈസ് സംഘം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക